ജപ്തി ഭീഷണി ഒഴിവായി, വായ്പ തുക അടച്ചു തീര്‍ത്ത് ലുലു ഗ്രൂപ്പ്; ആമിനയ്ക്കും കുടുംബത്തിനും ആശ്വാസം

ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീര്‍ത്തു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം


കാഞ്ഞിരമറ്റം: എംഎ യൂസഫലിയുടെ ഇടപെടലിൽ ആമിനയുടെ വീടിന്റെ ജപ്തി ഭീഷണി ഒഴിവായി. ചൊവ്വാഴ്ച ലുലു ഗ്രൂപ്പ് അധികൃതർ കീച്ചേരി സഹകരണ ബാങ്കുമായി ബന്ധപ്പെട്ടു പലിശ അടക്കം 3,81,160 രൂപ അടച്ച് വായ്പ തീര്‍ത്തു. പിന്നാലെ ആമിനയുടെ വീട്ടിലെത്തിയ അധികൃതർ 50,000 രൂപയും ബാങ്കിൽ പണം അടച്ചതിന്റെ രസീതും കൈമാറി.

കിടപ്പാടം തിരിച്ചു കിട്ടിയതിന്റെ സന്തോഷത്തിൽ ദമ്പതികൾ. 6 വർഷം മുൻപ് ഇളയ മകളുടെ വിവാഹത്തിനായാണ് വീടിരുന്ന 9 സെന്റ് ഈടു വച്ച് ആമിനയും സെയ്ത് മുഹമ്മദും കീച്ചേരി സഹകരണ ബാങ്കിൽ നിന്നു 2 ലക്ഷം രൂപ വായ്പയെടുത്തത്. അടുത്ത കാലം വരെ തങ്ങളുടെ വരുമാനത്തിൽ നിന്നും വായ്പ തിരിച്ചടച്ചുകൊണ്ടിരുന്നു. എന്നാൽ സെയ്ത് മുഹമ്മദ് അസുഖബാധിതനായതോടെ അടവ് മുടങ്ങി. 

തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി ആമിന

തിരിച്ചടവു മുടങ്ങി ബാങ്കിൽ നിന്നു ജപ്തി നോട്ടീസ് ലഭിച്ചതോടെ കുടുംബം എന്ത് ചെയ്യണം എന്നറിയാതെ നിന്നു. സെയ്ത് മുഹമ്മദിന്റെ ചികിത്സയ്ക്കായി ലേക‍്ഷോർ ആശുപത്രിയിൽ പോകാനായി നെട്ടൂരിലെ മൂത്ത മകളുടെ വീട്ടിലെത്തിയതാണ് ആമിന. ഹെലികോപ്റ്റർ അപകടം  ഉണ്ടായപ്പോൾ തന്നെ സഹായിച്ചവരെ കാണാൻ ഞായറാഴ്ച എംഎ യൂസഫലി എത്തിയതറിഞ്ഞ് മകളുടെ വീട്ടിൽ നിന്ന് ആമിന അവിടേക്ക് എത്തി. 

വീട് സന്ദർശിച്ച് മടങ്ങിപ്പോകാനായി കാറിലേക്കു കയറുമ്പോഴാണ് ആമിന തന്റെ വിഷമം യൂസഫലിയോട് പറഞ്ഞത്. ആമിന കയ്യിലെ തുണ്ടുകടലാസിൽ കുറിച്ച സങ്കടവുമായി വിവരങ്ങൾ ചോദിച്ചറിഞ്ഞ യൂസഫലി ജപ്തി ചെയ്യില്ലെന്നും വേണ്ടത് ചെയ്യാമെന്നും ഉറപ്പു നൽകിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com