സംസ്ഥാനത്ത് ജനുവരി മുതല്‍ ഇ റേഷന്‍ കാര്‍ഡ് സംവിധാനം 

ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ  പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നല്‍കുന്നതിന് അവസരമുണ്ട്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസം മുതല്‍ ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍.  പുതിയ സംവിധാനം നടപ്പിലാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പു വരുത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യപൊതുവിതരണ വകുപ്പ് താല്‍ക്കാലികമായി റദ്ദ് ചെയ്ത റേഷന്‍കടകള്‍ സംബന്ധിച്ച ഫയല്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലയില്‍ സംഘടിപ്പിച്ച അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ഭക്ഷ്യ പൊതുവിതരണ സംവിധാനവുമായി ബന്ധപ്പെട്ട് മികച്ച പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കിവരുന്നതെന്ന് മന്ത്രി പറഞ്ഞു. സിവില്‍ സപ്ലൈസ് വകുപ്പും ഇതിനോട് ചേര്‍ന്ന് കാര്യക്ഷമമായി പ്രവര്‍ത്തിച്ചുവരുന്നു. വകുപ്പും വകുപ്പിലെ ജീവനക്കാരും ജനങ്ങളുമായി അടുത്ത് നിന്ന് അവര്‍ക്ക് വേണ്ട സേവനങ്ങള്‍ ഉറപ്പ് വരുത്തുന്നുണ്ട്. താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ ഏര്‍പ്പെടുത്തിയ ഫ്രണ്ട് ഓഫീസ് സംവിധാനം വിവിധ പരാതികളുമായി ബന്ധപ്പെട്ട് എത്തുന്ന ജനങ്ങള്‍ക്ക് ആശ്വാസമാവുകയാണെന്നും  മന്ത്രി കൂട്ടിചേര്‍ത്തു.

ഇ-റേഷന്‍ കാര്‍ഡ് സംവിധാനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി തെളിമ പദ്ധതിയിലൂടെ  പൊതുജനങ്ങള്‍ക്ക് റേഷന്‍ കടയുമായി ബന്ധപ്പെട്ട പരാതികളും മറ്റും നല്‍കുന്നതിന് അവസരമുണ്ട്. ജനങ്ങള്‍ക്ക് റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട  പരാതികള്‍, ആവശ്യങ്ങള്‍ എന്നിവ അപേക്ഷയായി ഓരോ റേഷന്‍ കടയ്ക്ക് മുന്നിലും സ്ഥാപിച്ചിട്ടുള്ള ബോക്സുകളില്‍ നിക്ഷേപിക്കാം. വിവിധ ആവശ്യങ്ങളുമായി താലൂക്ക്, ജില്ലാ സപ്ലൈ ഓഫീസുകളില്‍ കയറി ഇറങ്ങുന്നത് ഒഴിവാക്കാന്‍ വകുപ്പ് ആവിഷ്‌ക്കരിച്ച പദ്ധതിയാണിത്. ലഭിക്കുന്ന പരാതികള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയും സത്വര പരിഹാരം കണ്ടെത്തുകയും ചെയ്യും.

ഭക്ഷ്യപൊതുവിതരണ വകുപ്പിന്റെ ഏഴാമത്തെ അദാലത്താണ് ജില്ലയില്‍ സംഘടിപ്പിച്ചത്. അദാലത്തില്‍ ഉത്തര മേഖല ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫ് റേഷന്‍ കെ മനോജ് കുമാര്‍, സിവില്‍ സപ്ലൈസ് കമ്മീഷണര്‍ ഡി സജിത്ത് ബാബു, ജില്ലാ സപ്ലൈ ഓഫീസര്‍ ടി അയ്യപ്പദാസ്, മന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ സെക്രട്ടറി നജ്മുദ്ദീന്‍, താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അദാലത്തില്‍ ആകെ 97 കേസുകളാണ് പരിഗണിച്ചത്. ഇതില്‍ 37 എണ്ണത്തില്‍ തീരുമാനമായി. 41 കേസുകള്‍ക്ക് അനുബന്ധ നടപടിക്രമങ്ങള്‍ക്കായി സമയം അനുവദിച്ചു. പുതിയ റേഷന്‍ കട അനുവദിക്കുന്നതിനായി 17 കേസുകളില്‍ വിജ്ഞാപനം നല്‍കാന്‍ അനുമതിയായി. രണ്ട് കേസുകള്‍ വകുപ്പ് കമ്മീഷണറുടെ തീര്‍പ്പിനായി മാറ്റിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com