ചിത കൊളുത്തി എട്ടുവയസ്സുകാരന്‍ മകന്‍; വിട, പ്രിയപ്പെട്ട പ്രദീപ്...; ധീരസൈനികന്‍ ഇനി ഓര്‍മ്മ

സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്
പ്രദീപിന്റെ അന്ത്യകര്‍മ്മങ്ങള്‍/ ടെലിവിഷന്‍ ചിത്രം
പ്രദീപിന്റെ അന്ത്യകര്‍മ്മങ്ങള്‍/ ടെലിവിഷന്‍ ചിത്രം

തൃശൂര്‍: ഊട്ടിയിലെ കൂനൂരില്‍ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച ധീരസൈനികന്‍ എ പ്രദീപിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു. പുത്തൂരിലെ വീട്ടുവളപ്പില്‍ സൈനിക ബഹുമതികളോടെയാണ് സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. പ്രദീപിന്റെ എട്ടുവയസ്സുള്ള മകനാണ് ചിതയ്ക്ക് തീകൊളുത്തിയത്. 

പൂത്തൂരിലെ ഗവണ്‍മെന്റ് സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച വ്യോമസേന വാറന്റ് ഓഫീസര്‍ എ പ്രദീപിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി നാടൊന്നാകെ ഒഴുകിയെത്തി. കോയമ്പത്തൂര്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ നിന്നും റോഡു മാര്‍ഗം വിലാപയാത്രയായാണ് മൃതദേഹം നാട്ടിലെത്തിച്ചത്.

ഇവിടെ ജനങ്ങള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കാനായി ഒരു മണിക്കൂര്‍ പൊതുദര്‍ശനത്തിനു വെച്ചു. ഇതിനുശേഷം പ്രദീപിന്റെ വീട്ടിലേക്കു കൊണ്ടുപോയി. സംസ്‌കാരം ചടങ്ങുകള്‍ വൈകിട്ട് 5.30ന് ആരംഭിച്ചു. പ്രദീപിന്റെ എട്ടുവസയ്യുകാരനായ മൂത്ത മകനാണ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്തത്.  വിലാപയാത്ര കടന്നുപോയപ്പോള്‍  ദേശീയപാതയുടെ ഇരുവശത്തും ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ ദേശീയപതാകയുമായി നിരവധിപേരാണ് കാത്തുനിന്നത്.

ഡല്‍ഹിയില്‍നിന്നു പ്രത്യേക വിമാനത്തില്‍ രാവിലെ 11 മണിയോടെയാണ് പ്രദീപിന്റെ മൃതദേഹം സുലൂര്‍ വ്യോമതാവളത്തില്‍ എത്തിച്ചത്. ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ മൃതദേഹത്തെ അനുഗമിച്ചു. മൃതദേഹം സുലൂരിലെത്തിച്ചപ്പോള്‍ തൃശൂര്‍ എംപി ടി എന്‍ പ്രതാപന്‍ അവിടെയെത്തി അന്തിമോപചാരം അര്‍പ്പിച്ചു. തുടര്‍ന്ന് മുരളീധരനും പ്രതാപനും വിലാപയാത്രയെ അനുഗമിച്ചു. 

അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്‌ലൈറ്റ് ഗണ്ണറായിരുന്നു പ്രദീപ്. 2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. പിന്നീട് എയര്‍ ക്രൂ ആയി തെരഞ്ഞെടുക്കപ്പെടുകയും കശ്മീര്‍ ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവനം അനുഷ്ഠിക്കുകയും ചെയ്തു. ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകള്‍ക്കെതിരായ ഓപ്പറേഷനുകളിലും പങ്കെടുത്തിട്ടുണ്ട്.

തൃശൂര്‍ പുത്തൂര്‍ പൊന്നൂക്കര അറയ്ക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെയും കുമാരിയുടെയും മകനാണ് 37 കാരനായ പ്രദീപ്.കോയമ്പത്തൂരില്‍ നിന്നും പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിയും മക്കളും കഴിഞ്ഞ ദിവസം തന്നെ പൊന്നുകരയിലെ വീട്ടില്‍ എത്തിയിരുന്നു. എട്ടു വയസ്സുകാരന്‍ ദക്ഷിണ്‍ ദേവ്, രണ്ടു വയസ്സുള്ള ദേവപ്രയാഗ് എന്നിവരാണ് പ്രദീപിന്റെ മക്കള്‍. 

രാജ്യത്തെ ഞെട്ടിച്ച ദുരന്തം

വ്യോമസേന വാറന്റ് ഓഫീസറായ പ്രദീപ് 2004ലാണ് പ്രദീപ് വ്യോമസേനയില്‍ ചേര്‍ന്നത്. അപകടത്തില്‍പ്പെട്ട ഹെലികോപ്റ്ററിന്റെ ഫ്ലൈറ്റ് ഗണ്ണറായിരുന്നു. ഹെലികോപ്ടര്‍ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്ത്, ഭാര്യ മധുലിക, പ്രദീപ് എന്നിവരടക്കം 14 പേരില്‍ 13 പേരും മരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com