പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ആണോ?; ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട; മുഖ്യമന്ത്രിക്ക് സ്ഥലജലഭ്രമമെന്ന് എംകെ മുനീര്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th December 2021 11:12 AM  |  

Last Updated: 11th December 2021 11:12 AM  |   A+A-   |  

mk muneer

എം കെ മുനീര്‍ /ഫയല്‍ ചിത്രം

 

കോഴിക്കോട്: പിണറായി വിജയന്‍ കമ്യൂണിസ്റ്റ് ആണോയെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീര്‍. വഖഫ് ബോര്‍ഡ് നിയമന വിവാദത്തില്‍ ലീഗിനെ വെല്ലുവിളിച്ച മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് മുനിര്‍ ഉയര്‍ത്തിയത്. മുസ്ലിം ലീഗ് എന്തുചെയ്യണമെന്ന് എകെജി സെന്ററിലെ തീട്ടൂരം വേണ്ട. പിണറായിയുടെ ധാര്‍ഷ്ട്യം ലീഗിനോട് വേണ്ട. അത് വീട്ടില്‍ വെച്ചാല്‍ മതിയെന്നും മുനീര്‍ പറഞ്ഞു. 

ലീഗിന്റെ തലയില്‍ കയറി നിരങ്ങേണ്ട

മുഖ്യമന്ത്രിയുടേത് ഏറ്റവും തരംതാഴ്ന്ന രാഷ്ട്രീയമാണ്. ലീഗിന്റെ തലയില്‍ കയറി നിരങ്ങേണ്ട. ലീഗ് ഓടിളക്കിയല്ല നിയമസഭയില്‍ വന്നത്. ലീഗ് മിണ്ടണ്ട എന്നു പറഞ്ഞാല്‍ സഭയില്‍ ഇടപെടേണ്ട എന്നാണോയെന്ന് മുനീര്‍ ചോദിച്ചു. മുഖ്യമന്ത്രി ഏകാധിപതിയെപ്പോലെ പെരുമാറുന്നു. മുസ്ലിം ലീഗ് രാഷ്ട്രീയ സംഘടന തന്നെയാണ്. ഇഎംഎസിന്റെ മന്ത്രിസഭയില്‍ ഉണ്ടായിരുന്ന പാര്‍ട്ടിയാണ്. പിണറായി വിജയന് സ്ഥലജല വിഭ്രാന്തിയാണെന്നും അദ്ദേഹം പറഞ്ഞു. 

പള്ളിയില്‍ ലീഗ് സംസാരിച്ചാല്‍ വര്‍ഗീയ സംഘര്‍ഷമുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ക്രിസ്തീയ സമൂഹം പള്ളികളില്‍ ഇടയലേഖനം വായിക്കാറില്ലേ? ഒരു സമുദായം മാത്രം ഒന്നും മിണ്ടാന്‍ പാടില്ലെന്ന് പറയുന്നു. മുഖ്യമന്ത്രി മതങ്ങളെ ഹൈജാക്ക് ചെയ്യുകയാണ്. മതനിരാസം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ് എന്നും മുനീര്‍ പറഞ്ഞു. 

പതിനായിരം പേർക്കെതിരെ കേസെടുത്തു

കോഴിക്കോട് ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തത് സമ്മേളനവിജയം കണ്ട് പരിഭ്രാന്തരായിട്ടാണെന്നും മുനീര്‍ പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിടാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗ് സംഘടിപ്പിച്ച സമ്മേളനത്തില്‍ പങ്കെടുത്ത പതിനായിരത്തിലേറെ പേര്‍ക്കാണ് പൊലീസ് കേസെടുത്തത്. കോവിഡ് മാനദണ്ഡം ലംഘിച്ചു എന്നാരോപിച്ചാണ് കേസെടുത്തത്.