സമരം 13–ാം ദിവസത്തിലേക്ക്, പിൻമാറാൻ കൂട്ടാക്കാതെ മെഡിക്കൽ പിജി വിദ്യാർഥികൾ ; ഹൗസ് സർജന്മാരുടെ സൂചനാസമരം ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th December 2021 06:50 AM  |  

Last Updated: 13th December 2021 06:50 AM  |   A+A-   |  

kerala_medical_pg_doctors_strike

എക്സ്പ്രസ് ഫോട്ടോ

 

തിരുവനന്തപുരം: മെഡിക്കൽ പി ജി ഡോക്ടർമാർ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിൽ ധർണ നടത്തും. പിജി വിദ്യാർഥികളുടെ സമരം 13–ാം ദിവസത്തിലേക്കു കടക്കുമ്പോൾ സൂചനാ സമരവുമായി ഹൗസ് സർജന്മാരും രം​ഗത്തെത്തിയിരിക്കുകയാണ്. കോവിഡ്, അത്യാഹിത വിഭാഗങ്ങൾ ഒഴികെയുള്ള ഡ്യൂട്ടികൾ ഇന്നു ബഹിഷ്കരിക്കുമെന്നാണ് ഹൗസ് സർജൻസ് അസോസിയേഷൻ അറിയിച്ചത്. കേരള ഗവ.പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷനും ഇന്ന് രാവിലെ 8 മുതൽ 11 വരെ ഒപി ബഹിഷ്കരിക്കും. ഇതോടെ സർക്കാർ മെഡിക്കൽ കോളജുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെടും. 

ഇന്ന് രാവിലെ എട്ടു മണി മുതൽ 24 മണിക്കൂർ പണിമുടക്കാണ് ഹൗസ് സർജന്മാർ പ്രഖ്യാപിച്ചിരിക്കുന്നത്. ‌ന്യായമായ ആവശ്യങ്ങൾ അംഗീകരിച്ചെന്നും പിജി ഡോക്ടർമാരുമായി ഇനി ചർച്ചയ്ക്കില്ലെന്നുമുള്ള നിലപാടിലാണ് സർക്കാർ. വിദ്യാർഥികളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അത്യാഹിത വിഭാഗങ്ങളൊഴികെ ബഹിഷ്കരിക്കാൻ തീരുമാനമെടുക്കുമെന്നു മെഡിക്കൽ കോളജ് ഡോക്ടർമാരും മുന്നറിയിപ്പു നൽകി. 

നാലുശതമാനം സ്റ്റൈപൻഡ് വർധന, പി ജി ക്കാരുടെ സമരംമൂലം ജോലിഭാരം കൂടുന്നു എന്നിവയാരോപിച്ചാണ് ഒ പി യിലും വാർഡുകളിലും ഡ്യൂട്ടിയിലുള്ള ഹൗസ് സർജന്മാർ പ്രതിഷേധിക്കുന്നത്. ആലപ്പുഴയിൽ ഹൗസ് സർജനെ ആക്രമിക്കുകയും അസിസ്റ്റന്റ് പ്രൊഫസറെ അസഭ്യംപറയുകയും ചെയ്തതിലും ഒരാഴ്ച അറുപതിലധികം മണിക്കൂർ വിശ്രമമില്ലാതെ ജോലിചെയ്യേണ്ടിവരുന്നതിലും പ്രതിഷേധിച്ചാണ് പി ജി മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ ഇന്ന് രാവിലെ എട്ടുമുതൽ 11 വരെ ഒ പി  ബഹിഷ്കരിക്കുന്നത്.