കെ റെയില്‍ പദ്ധതിക്ക് അനുമതി തേടി ഇടത് എംപിമാര്‍ കേന്ദ്രമന്ത്രിയെ കണ്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 01:28 PM  |  

Last Updated: 17th December 2021 01:28 PM  |   A+A-   |  

Left MPs met the Union Minister

എംപിമാർ കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുന്നു/ ഫെയ്സ്ബുക്ക് ചിത്രം

 

ന്യൂഡല്‍ഹി: കെ റെയില്‍ വിഷയത്തില്‍ ഇടത് എംപിമാര്‍ റെയില്‍ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. വികസന പദ്ധതിയെ തകര്‍ക്കാനുള്ള യുഡിഎഫ്, ബിജെപി നീക്കത്തിനൊപ്പം റെയില്‍വേ മന്ത്രാലയം നില്‍ക്കരുതെന്ന് ആവശ്യപ്പെട്ടു. കെ റെയില്‍ കേരളത്തിന്റെ വികസനത്തിന് അത്യന്താപേക്ഷിമെന്നും റെയില്‍ മന്ത്രിയെ ബോധ്യപ്പെടുത്തിയതായി എംപിമാര്‍ വ്യക്തമാക്കി. 

ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി റെയില്‍വെ മന്ത്രിക്ക് എംപിമാരുടെ സംഘം നിവേദനം നല്‍കി. സിപിഎം എംപിമാരായ എ എം ആരിഫ്, എളമരം കരിം, ജോണ്‍ ബ്രിട്ടാസ്, വി ശിവദാസന്‍, എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. പാര്‍ലമെന്റ് മന്ദിരത്തിലെ റെയില്‍ മന്ത്രിയുടെ ഓഫിസില്‍ വെച്ചുള്ള കൂടിക്കാഴ്ച അര മണിക്കൂര്‍ നീണ്ടുനിന്നു. 

അതേസമയം എംപിമാരുടെ സംഘത്തില്‍ നിന്നും സിപിഐ എംപിയായ ബിനോയ് വിശ്വം വിട്ടുനിന്നു. സില്‍വര്‍ ലൈന്‍ പദ്ധതിയോടുള്ള സിപിഐയുടെ എതിര്‍പ്പാണ് വിട്ടുനില്‍ക്കലിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ കേന്ദ്രമന്ത്രിയെ കാണാത്തതിനെക്കുറിച്ച് ബിനോയ് വിശ്വം ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല. 

അതേസമയം സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള നിവേദനത്തില്‍ ശശി തരൂര്‍ എംപിയുടെ നിലപാട് പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.  യുഡിഎഫ് നിവേദനത്തില്‍ ശശി തരൂര്‍ ഒപ്പിടാത്തതും പാര്‍ട്ടി വിലയിരുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.