ക്രിസ്മസ് മത്സരങ്ങൾക്ക്  കൊച്ചി മെട്രോയിൽ ഇന്ന് തുടക്കം; പങ്കെടുക്കുന്നവർക്ക് സൗജന്യ യാത്ര

കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക
കൊച്ചി മെട്രോ, ഫയല്‍ ചിത്രം
കൊച്ചി മെട്രോ, ഫയല്‍ ചിത്രം


 
കൊച്ചി: ക്രിസ്മസ് ആഘോഷങ്ങളെ വരവേറ്റുകൊണ്ട് കൊച്ചി മെട്രോയുടെ ക്രിസ്മസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 14 ദിവസം നീണ്ട് നിൽക്കുന്ന ക്രിസ്മസ്- പുതുവത്സര പരിപാടിയായ 'കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021 ന്റെ ഭാഗമായി ക്രിസ്മസ് സ്റ്റാർ നിർമ്മാണം, കരോൾ ഗാനം, പുൽകൂട് നിർമ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം, സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ്‌, കേക്ക് നിർമ്മാണം തുടങ്ങി നിരവധി മത്സരങ്ങളാണ് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

18ന് ( ശനിയാഴ്ച) ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരത്തോടെയാണ് കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിന് തുടക്കമാവുക. ആലുവ സ്റ്റേഷനിൽ 11 മുതൽ 1 മണിവരെയും മുട്ടം സ്റ്റേഷനിൽ ഉച്ചക്ക് 12 മുതൽ 2 മണി വരെയുമാണ് മത്സരം. കലൂർ സ്റ്റേഷനിൽ 1 മുതൽ 3 മണി വരെയും പേട്ട സ്റ്റേഷനിൽ 2 മുതൽ 4 മണിവരെയും മത്സരം നടക്കും. മത്സരത്തിൽ വിജയികളാകുന്നർക്ക് 5000,3000,2000 രൂപ വീതം സമ്മാനം നൽകും. 

കരോൾ ഗാന മത്സരം

പത്തൊൻപതിന് ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ കരോൾ ഗാന മത്സരം സംഘടിപ്പിക്കും. 10000, 7500, 5000 രൂപ വീതമാണ് കരോൾ ഗാന മത്സര വിജയികൾക്ക് ലഭിക്കുക. ഇരുപതിന് പുൽക്കുട് നിർമ്മാണ മത്സരവും 21ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും എല്ലാ സ്റ്റേഷനുകളിലും നടത്തുന്നുണ്ട്. 8000, 5000, 3000 രൂപ വീതമാണ് ഈ രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ലഭിക്കുക.

സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ്‌ മത്സരം

ഡിസംബർ ഇരുപത്തിരണ്ടാം തീയതി പതിമൂന്ന് വയസുവരെയുള്ള കുട്ടികൾക്കായി സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ്‌ മത്സരവും ഒരുക്കിയിട്ടുണ്ട്. പാലാരിവട്ടം, കടവന്ത്ര, തൈക്കൂടം, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നീ മെട്രോ സ്റ്റേഷനുകളിലാണ് സാന്റാ ക്ലോസ് മത്സരം. ബേക്കിങ്ങിൽ താല്പര്യമുള്ളവർക്കായി വൈറ്റില, മഹാരാജാസ്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷനുകളിൽ ഡിസംബർ 23ന് കേക്ക് നിർമ്മാണ മത്സരവും സംഘടിപ്പിക്കും. 5000, 3000, 2000 രൂപ വീതമാണ് സാന്റാ ക്ലോസ്, കേക്ക് മേക്കിങ് മത്സരവിജയികൾക്ക് സമ്മാനിക്കുക. 

വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികൾ

ഇതുകൂടാതെ ഡിസംബർ 24 മുതൽ 31 വരെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികൾ കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്. 

മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ജനുവരി ആദ്യ ആഴ്ച്ച സമ്മാനങ്ങൾ നൽകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും http://www.kochimetro.org  വെബ്സൈറ്റ് സന്ദർശിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com