ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു, പക്ഷെ ഇരിക്കുന്നിടം കുഴിക്കരുത്; ശശി തരൂരിനെതിരെ വിമര്‍ശനവുമായി കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th December 2021 11:27 AM  |  

Last Updated: 18th December 2021 11:40 AM  |   A+A-   |  

k sudhakaran

ഫയല്‍ ചിത്രം

 


തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയില്‍ കോണ്‍ഗ്രസ് നിലപാടിന് വിരുദ്ധമായി, സര്‍ക്കാര്‍ അനുകൂല അഭിപ്രായം പ്രകടിപ്പിച്ച ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് കെ പിസിസി പ്രസിഡന്റ് കെ സുധാകരന്‍. തരൂര്‍ ലോകം കണ്ടയാളാണെന്ന് സമ്മതിക്കുന്നു. പക്ഷെ ഇരിക്കുന്നിടം കുഴിക്കരുതെന്ന് സുധാകരന്‍ പറഞ്ഞു. ശശി തരൂര്‍ പാര്‍ട്ടിയുടെ വൃത്തങ്ങളില്‍ ഒതുങ്ങാത്ത വ്യക്തിയാണ്. തരൂരിനെ നേരിട്ടു കണ്ട് സംസാരിക്കും. തരൂര്‍ പറഞ്ഞതിന്റെ ലോജിക്ക് അദ്ദേഹത്തോടു തന്നെ ചോദിക്കുമെന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

വികസനത്തിന് വാശിയല്ല വേണ്ടത്

വികസനത്തിന് വാശിയല്ല വേണ്ടത്, പ്രായോഗികതയാണ്. മുഖ്യമന്ത്രിയുടെ പിടിവാശി കേരളത്തിന് ശാപമാകരുത്. പദ്ധതി കേരളത്തിന് വെള്ളിടിയാകും. കക്ഷിരാഷ്ട്രീയഭേദമെന്യേ പദ്ധതിയില്‍ ആശങ്കയുണ്ട്. കണ്ണൂരില്‍ സിപിഎമ്മില്‍പ്പെട്ട ആളുകളുള്‍പ്പെടെ ആശങ്ക പ്രകടിപ്പിച്ചതായി തനിക്കറിയാം. ജനങ്ങളുടെ ആശങ്കയ്ക്ക് അടിസ്ഥാനമുണ്ടോ ഇല്ലയോ എന്നതു മാറ്റിവെച്ചാല്‍ തന്നെ, ഇക്കാര്യത്തില്‍ ജനങ്ങളെ ബോധ്യപ്പെടുത്താനും ആശങ്കകള്‍ പരിഹരിക്കാനും സര്‍ക്കാരിന് ബാധ്യതയില്ലേ എന്ന് സുധാകരന്‍ ചോദിച്ചു. 

പദ്ധതി നടപ്പാക്കുന്നത് സ്റ്റാന്‍ഡേഡ് ഗേജിലാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇന്ത്യയില്‍ സ്റ്റാന്‍ഡേഡ് ഗേജില്‍ ട്രെയിന്‍പാളം ഉണ്ടാക്കിയിട്ടില്ല. ബ്രോഡ്‌ഗേജിലാണ് പാളം നിര്‍മ്മിച്ചിട്ടുള്ളത്. സ്റ്റാന്‍ഡേഡ് ഗേജില്‍ നിര്‍മ്മിക്കുന്ന പാളത്തില്‍ ഒരു അപകടം ഉണ്ടാകാന്‍ എത്രയോ എളുപ്പമാണ്. ഇതെല്ലാം വന്നാലേ ഇത് പുനഃപരിശോധിക്കൂ എന്നാണ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ നിശ്ചയദാര്‍ഢ്യം എങ്കില്‍ അതിനു മുന്നില്‍ നമോവാകം പറയുക മാത്രമേ നമുക്ക് മുന്നില്‍ മാര്‍ഗമുള്ളൂ. 

ബുള്ളറ്റ് ട്രെയിനെ യെച്ചൂരി എതിര്‍ത്തു

വികസനം നാടിന്റെ വികസനമാണ്. അത് ജനങ്ങള്‍ക്ക് ആവശ്യമുള്ള വികസനമാകണം. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഈ പദ്ധതിയുമായി മുന്നോട്ടുപോകരുതെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു. മുമ്പ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ എതിര്‍ത്തയാളാണ് സിപിഎം അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നും കെപിസിസി പ്രസിഡന്റ് പറഞ്ഞു. അന്നു സമരം നടത്തിയ യെച്ചൂരിയുടെ പാര്‍ട്ടിയാണ് ഇന്ന് അതിവേഗ ട്രെയിനുമായി രംഗത്തുവരുന്നത്. ഇതെന്തൊരു വിരോധാഭാസമാണെന്ന് കെ സുധാകരന്‍ ചോദിച്ചു.

സിപിഎം അതിവേഗപാതക്കെതിരെ സമരം നടത്തി 

മുമ്പ് അതിവേഗ പാത ഉണ്ടാക്കുമ്പോള്‍ സംസ്ഥാനം രണ്ടായി വിഭജിക്കപ്പെടുമെന്നും രണ്ടു നാടായി മാറുമെന്നും പറഞ്ഞ് സമരം നടത്തിയവരാണ് സിപിഎമ്മുകാര്‍. അന്ന് എല്‍ഡിഎഫിലുണ്ടായിരുന്ന എംപി വീരേന്ദ്രകുമാര്‍ പറഞ്ഞത് രണ്ടു നാടു സൃഷ്ടിക്കുമെന്നാണ്. കിഴക്കുഭാഗത്തുള്ള മാതയ്ക്ക് പടിഞ്ഞാറു ഭാഗത്തെ പറമ്പിലേക്ക് പശുവിനെ കൊണ്ടുപോകാന്‍ സാധിക്കില്ല. പടിഞ്ഞാറുള്ള ആശയുടെ ആടിനെ കിഴക്കോട്ടു കൊണ്ടുപോകാനാകില്ലെന്നും സരസമായി അദ്ദേഹം പ്രസംഗിച്ചിരുന്നു. 

കമ്പനി സിപിഎം നേതാക്കളുടെ ഭാര്യയെയും പെങ്ങളേയും മക്കളേയും എല്‍പ്പിച്ചിരിക്കുന്നു

അങ്ങനെയൊരു നയം സ്വീകരിച്ച ഇടതുപക്ഷം ഇപ്പോള്‍ കൊണ്ടുവരുന്ന പദ്ധതി പ്രകാരം 292 കിലോമീറ്റര്‍ ദൂരത്തില്‍ എട്ടു മീറ്റര്‍ ഉയരത്തില്‍ മതിലു കെട്ടി പദ്ധതി കൊണ്ടുപോകുമെന്നാണ് പറയപ്പെടുന്നത്. കെ റെയില്‍ പദ്ധതി ഇപ്പോള്‍ തന്നെ പാര്‍ട്ടി ഓഫീസാക്കി മാറ്റാന്‍ പോകുകയാണ്. കമ്പനി മുഴുവന്‍ സിപിഎം നേതാക്കളുടെ ഭാര്യയെയും പെങ്ങളേയും മക്കളേയും എല്‍പ്പിച്ചിരിക്കുകയാണ്. ജോണ്‍ബ്രിട്ടാസിന്റെ ഭാര്യയാണ് കെ റെയിലിന്റെ ജനറല്‍ മാനേജര്‍. ഇന്ത്യന്‍ റെയില്‍വേയിലെ ജൂനിയര്‍ ഉദ്യോഗസ്ഥ മാത്രമാണ് ഇവര്‍. ഇത് വ്യക്തിപരമായ വിമര്‍ശനമല്ലെന്നും സുധാകരന്‍ പറഞ്ഞു. 

ഇത്തരം ഒരു പദ്ധതിയുടെ തലപ്പത്ത് കൂടുതല്‍ പരിചയസമ്പന്നരും വിദഗ്ധരുമായ ആളുകളെയാണ് നിയമിക്കേണ്ടത്. അല്ലാതെ രാഷ്ട്രീയം നോക്കിയല്ല നിയമിക്കേണ്ടത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ ബന്ധു അനില്‍കുമാര്‍ ആണ് കമ്പനിയുടെ സെക്രട്ടറി. എംഡി അജിത് കുമാറിന്റെ ഭാര്യയുടെ വീടാണ് വാടകയ്ക്ക് കമ്പനിയുടെ ഓഫീസാക്കി മാറ്റിയിരിക്കുന്നത്. കെ റെയില്‍ പദ്ധതിയില്‍ നിയമനം ലഭിച്ചവരില്‍ ഏറെയും പാര്‍ട്ടി അനുഭാവികളാണെന്നും കെ സുധാകരന്‍ ആരോപിച്ചു. യുഡിഎഫിനെ വികസനവിരോധികളെന്ന് മുദ്രകുത്തി വികസനനായകനാകാന്‍ ശ്രമിക്കുന്ന പിണറായി വിജയനും സിപിഎമ്മും കൂടി കേരളത്തില്‍ അട്ടിമറിച്ച വികസന പദ്ധതികള്‍ക്ക് കയ്യും കണക്കുമുണ്ടോ എന്നും സുധാകരന്‍ ചോദിച്ചു.