രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറ്റി, ശുചിമുറിയിൽ വെള്ളമില്ല; അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ

മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയത്
തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയെ മേയർ സ്വീകരിക്കുന്നു/ ഫേയ്സ്ബുക്ക്
തിരുവനന്തപുരത്ത് എത്തിയ രാഷ്ട്രപതിയെ മേയർ സ്വീകരിക്കുന്നു/ ഫേയ്സ്ബുക്ക്

തിരുവനന്തപുരം; രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ തിരുവനന്തപുരം സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച അന്വേഷിക്കാൻ കേന്ദ്ര ഏജൻസികൾ. മേയർ ആര്യാ രാജേന്ദ്രന്റെ ഔദ്യോഗിക വാഹനം രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു കയറിയതാണ് സുരക്ഷാ വീഴ്ചയ്ക്കിടയാക്കിയത്. കൂടാതെ രാഷ്ട്രപതിക്ക് ഉപയോ​ഗിക്കാൻ വാട്ടര്‍ കണക്‌ഷന്‍ നൽകാതെ ശുചിമുറിയൊരുക്കിയതും വിവാദമായി. 

രാഷ്ട്രപതിയുടെ വിവിഐപി വാഹനവ്യൂഹത്തിൽ കയറാൻ ശ്രമം

പിഎൻ പണിക്കർ ഫൗണ്ടേഷന്റെ ചടങ്ങിൽ പങ്കെടുക്കാനാണ് രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്. മുഖ്യമന്ത്രിയും മേയറും ഉൾപ്പടെയുള്ളവരാണ് മേയറെ സ്വാ​ഗതം ചെയ്യാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു. 14 വാഹനങ്ങളാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിൽ ഉണ്ടായിരുന്നത്. ഇതിലൊന്നിലാണ് മുഖ്യമന്ത്രിയടക്കം യാത്ര ചെയ്തത്. രാഷ്ട്രപതിക്കൊപ്പം പൂജപ്പുരയിലെ ചടങ്ങിൽ പങ്കെടുക്കേണ്ടതിനാൽ മേയറുടെ വാഹനവും വിവിഐപി വാഹന വ്യൂഹത്തിലേക്കു കയറാൻ ശ്രമിച്ചു. വിമാനത്താവളത്തിൽനിന്ന് ജനറൽ ആശുപത്രി വരെയുള്ള ഭാഗംവരെ വിവിഐപി വാഹനവ്യൂഹത്തിനൊപ്പമാണ് മേയറുടെ വാഹനവും സഞ്ചരിച്ചത്. പിന്നീട് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയറുടെ വാഹനം കയറി. കേന്ദ്ര ഇന്റലിജൻസ് ഏജൻസികൾ ഈ സുരക്ഷാ വീഴ്ചയെക്കുറിച്ച് പൊലീസിനോട് റിപ്പോർട്ട് തേടി.

ശുചിമുറിയിലേക്ക് പുറത്തുനിന്ന് വെള്ളം കൊണ്ടുവന്നു

രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്കു മറ്റു വാഹനങ്ങൾക്കു പ്രവേശനം അനുവദിക്കാറില്ല. അബദ്ധത്തിൽ  പറ്റിയ പിഴവെന്നാണ് മേയറോട് അടുത്ത വൃത്തങ്ങൾ പറയുന്നത്. പ്രോട്ടോകോൾ ലംഘനം ഉണ്ടായിട്ടില്ലെന്ന് മേയറുടെ ഓഫിസ് പ്രതികരിച്ചു. പൂജപ്പുരയിലെ ചടങ്ങിൽ വാട്ടര്‍ കണക്‌ഷന്‍ നൽകാതെ ശുചിമുറിയൊരുക്കിയതും വിവാദമായി. രാഷ്ട്രപതിക്ക് ശുചിമുറി ഉപയോഗിക്കാൻ വെള്ളം പുറത്തുനിന്ന് കൊണ്ടു വരേണ്ടി വന്നു. ഇതു കാരണം ചടങ്ങ് 15 മിനിറ്റോളം വൈകി. പങ്കെടുക്കില്ലെന്ന് അറിഞ്ഞിട്ടും പ്രഥമ വനിതയ്ക്കു വേദിയിൽ കസേരയിട്ടതും പിഴവായി. പിന്നീട് കസേര എടുത്തു മാറ്റുകയായിരുന്നു. തലസ്ഥാനത്തെ ഒരു ദിവസത്തെ സന്ദർശനത്തിനുശേഷം രാഷ്ട്രപതി ഡൽഹിക്കു മടങ്ങി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com