ആത്മാര്‍ത്ഥ സുഹൃത്തിനോട് 'മനസ്സു തുറന്നത്' വഴിത്തിരിവായി; പോണേക്കര ഇരട്ടക്കൊലയില്‍ 17 വര്‍ഷത്തിന് ശേഷം അറസ്റ്റ്; പ്രതി റിപ്പര്‍ ജയാനന്ദന്‍

നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു
റിപ്പർ ജയാനന്ദൻ/ ഫയൽ
റിപ്പർ ജയാനന്ദൻ/ ഫയൽ

കൊച്ചി: കൊച്ചി പോണേക്കരയിലെ ഇരട്ടക്കൊലപാതകക്കേസില്‍ 17 വര്‍ഷത്തിന് ശേഷം പ്രതി അറസ്റ്റില്‍. ജയിലില്‍ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്ന റിപ്പര്‍ ജയാനന്ദനെയാണ് കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. സഹതടവുകാരനുമായി കൊലപാതക വിവരം പങ്കുവെച്ചതാണ് കേസില്‍ നിര്‍ണായക വഴിത്തിരിവായത്. 

2004 മേയ് 30നാണ് പോണേക്കരയില്‍ ഇരട്ടക്കൊലപാതകം നടക്കുന്നത്. ചേന്നംകുളങ്ങര ക്ഷേത്രത്തിന് സമീപം കോശേരി ലെയിനില്‍ 'സമ്പൂര്‍ണ'യില്‍ റിട്ട. പഞ്ചായത്ത് എക്‌സിക്യുട്ടീവ് ഓഫിസര്‍ വി നാണിക്കുട്ടി അമ്മാള്‍ (73), സഹോദരിയുടെ മകന്‍ ടി വി നാരായണ അയ്യര്‍ (രാജന്‍-60) എന്നിവരാണ് കൊല്ലപ്പെട്ടത്.

നാരായണനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം വൃദ്ധയെ ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്തു. ഇവിടെ നിന്നും 44 ഗ്രാം സ്വര്‍ണവും 15 ഗ്രാം വെള്ളിയും ഇയാള്‍ മോഷ്ടിച്ചു. വൃദ്ധയുടെ തലയിലും മുഖത്തുമായി 12 മുറിവുകളും മൂക്കിന്റെ അസ്ഥിക്കു പൊട്ടലും ഉണ്ടായെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു. തലയ്ക്കും മുഖത്തുമേറ്റ മുറിവുകളായിരുന്നു മരണ കാരണമായത്. 

കളമശേരി പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. പറവൂര്‍, മാള, കൊടുങ്ങല്ലൂര്‍ ഭാഗങ്ങളില്‍ സമാനരീതിയില്‍ കൊല നടത്തിയവരിലേയ്ക്ക് അന്വേഷണം നീണ്ടെങ്കിലും ഫലമുണ്ടായില്ല. കേസില്‍ റിപ്പര്‍ ജയാനന്ദനെയും പലതവണ ചോദ്യം ചെയ്‌തെങ്കിലും വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല. 

സുഹൃത്തിനോട് രഹസ്യം പങ്കുവെച്ചത് വഴിത്തിരി വ്

ഇതിനിടെ, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലെ മൂന്നു പേര്‍ മാത്രമുള്ള അതീവ സുരക്ഷാ സെല്ലില്‍ വെച്ച് ആത്മാര്‍ത്ഥ സുഹൃത്തിനോട് രഹസ്യം വെളിപ്പെടുത്തിയതാണ് നിര്‍ണായകമായത്. ഇയാളില്‍ നിന്നും വിവരമറിഞ്ഞ ക്രൈംബ്രാഞ്ച് രഹസ്യാന്വേഷണം ആരംഭിച്ചു. അന്ന് കുറ്റവാളിയെ കണ്ടതായി പറഞ്ഞ അയല്‍വാസിക്കായി തിരിച്ചറിയല്‍ പരേഡും നടത്തിയ ഇയാള്‍ തിരിച്ചറിഞ്ഞതോടെ ജയാനന്ദനെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഡിസംബര്‍ 15ന് ജയാനന്ദന്റെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും, ഇന്നാണ് ക്രൈംബ്രാഞ്ച് മേധാവി എസ് ശ്രീജിത്ത് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്. പ്രതിയുടെ ഡിഎന്‍എ പ്രൊഫൈലിങ്ങിനുള്ള സാധ്യതയും ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. 2003 മുതല്‍ 2006 വരെയുള്ള മൂന്നു വര്‍ഷത്തിനിടെ എട്ടു പേരെയാണ് ജയാനന്ദന്‍ കൊലപ്പെടുത്തിയിട്ടുള്ളത്. പുത്തന്‍വേലിക്കരയില്‍ സ്ത്രീയ കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ഇയാളുടെ ശിക്ഷ സുപ്രീംകോടതി ജീവപര്യന്തമാക്കി ഇളവു നല്‍കിയിരുന്നു.

വടക്കേക്കര സ്‌റ്റേഷന്‍ പരിധിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. മാള ഇരട്ടക്കൊലക്കേസിലും ജയാനന്ദന്‍ പ്രതിയാണ്. ഇതിനു പുറമേ 15 മോഷണക്കേസുകളും ജയാനന്ദന് എതിരെയുണ്ട്. ഇതുവരെ എട്ടു കേസുകളിലാണ് ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. എല്ലാ കേസുകളിലുമുള്ള ജീവപര്യന്തം ശിക്ഷ അനുഭവിച്ചു വരുന്നതിനിടെയാണ് പോണേക്കര ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലാകുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com