വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ്; രണ്ടംഗ സംഘം പിടിയിൽ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th December 2021 07:34 AM  |  

Last Updated: 27th December 2021 07:34 AM  |   A+A-   |  

illecit_liquor

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: വീട് വാടകയ്ക്കെടുത്ത് വ്യാജവാറ്റ് നടത്തിയ രണ്ടംഗ സംഘം പിടിയിൽ. പാലോട് പെരിങ്ങമല സ്വദേശി നൗഷാദ് ഖാൻ, ആറ്റിപ്ര സ്വദേശി അനിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. 400 ലിറ്റർ കോടയും 10 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും ചാരായം കടത്താനുപയോഗിക്കുന്ന കാറും കസ്റ്റഡിയിലെടുത്തു.

ക്രിസ്മസ്, ന്യൂയർ എന്നിവയോടനുബന്ധിച്ച് നെടുമങ്ങാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ചാരായം വാറ്റ് കണ്ടെത്തിയത്. കാട്ടാക്കട പുളിയറക്കോണത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു വൻ തോതിലുള്ള വാറ്റെന്ന് എക്സൈസ് പറഞ്ഞു. 

കഴിഞ്ഞ ഓണക്കാലത്തും നൗഷാദ് ഖാനെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. 1015 ലിറ്റർ കോടയും 15 ലിറ്റർ ചാരായവും വാറ്റുപകരണങ്ങളും കാറുമായാണ് അന്ന് ഇയാൾ അറസ്റ്റിലായത്.