ജിത്തുവിനെ കണ്ടെത്താന്‍ ലുക്കൗട്ട് നോട്ടീസ്, രക്തത്തുള്ളികള്‍ കണ്ടതില്‍ ദുരൂഹത; പിടിവലി നടന്നതിന്റെ ലക്ഷണമാകാമെന്ന് പൊലീസ് 

പറവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു
വിസ്മയ, ജിത്തു
വിസ്മയ, ജിത്തു

കൊച്ചി:  പറവൂരില്‍ യുവതിയെ പൊള്ളലേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സഹോദരിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സംഭവശേഷം വീട്ടില്‍ നിന്ന് കാണാതായ ജിത്തുവിനായാണ് ലുക്കൗട്ട് നോട്ടീസ് ഇറക്കിയത്. തീപ്പൊള്ളലേറ്റു മരിച്ചത് മൂത്ത സഹോദരി വിസ്മയ(25) ആണെന്ന് കഴിഞ്ഞദിവസം തിരിച്ചറിഞ്ഞിരുന്നു.

കഴിഞ്ഞദിവസം വൈകീട്ടു മൂന്നു മണിയോടെയാണ് പെരുവാരം പനോരമ നഗര്‍ അറയ്ക്കപ്പറമ്പില്‍  ശിവാനന്ദന്റെ വീടിനു തീപിടിച്ചത്. ശിവാനന്ദനും ഭാര്യ ജിജിയും പുറത്തുപോയ സമയത്താണു സംഭവം. 3 മണിയോടെ വീടിനകത്തു നിന്നു പുക ഉയരുന്നതു കണ്ട അയല്‍വാസികളാണു വിവരം പൊലീസിനെയും ഫയര്‍ഫോഴ്‌സിനെയും നഗരസഭാധികൃതരെയും അറിയിച്ചത്. 

പൊലീസും ഫയര്‍ഫോഴ്‌സും എത്തിയപ്പോള്‍ വീടിന്റെ ഗേറ്റ് അകത്തു നിന്നു പൂട്ടിയ നിലയിലും മുന്‍വശത്തെ വാതില്‍ തുറന്ന നിലയിലുമായിരുന്നു. വീടിന്റെ 2 മുറികള്‍ പൂര്‍ണമായി കത്തി നശിച്ചു. അതില്‍ ഒന്നിലാണു മൃതദേഹം കിടന്നിരുന്നത്. മൃതദേഹം പൂര്‍ണമായി കത്തി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു. മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നത് തീ കത്തിച്ചതാണ് എന്നു സംശയമുണ്ടാക്കിയിരുന്നു.

സംഭവത്തിന് പിന്നാലെ ജിത്തുവിനെ കാണാതാവുകയായിരുന്നു. സിസിടിവിയില്‍ ജിത്തുവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ജിത്തുവിന് സ്വന്തമായി ഫോണില്ല. വിസ്മയയുടെ ഫോണാണ് ഉപയോഗിച്ചിരുന്നത്. ജിത്തുവിന്റെ(22) കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ വൈപ്പിന്‍ എടവനക്കാട് ലൊക്കേഷന്‍ കാണിച്ചിരുന്നു. തുടര്‍ന്ന് പൊലീസ് ആ ഭാഗത്ത് പരിശോധന നടത്തിയെങ്കിലും ഫോണ്‍ ഓഫായതിനാല്‍ ജിത്തുവിനെ കണ്ടെത്താനായില്ല. 

വീടിന്റെ കട്ടിളപ്പടിയിലും മറ്റും രക്തത്തുള്ളികള്‍ കണ്ടതാണ് മരണത്തില്‍ ദുരൂഹത വര്‍ധിപ്പിക്കുന്നത്. യുവതികള്‍ തമ്മില്‍ പിടിവലി നടന്നതിന്റെ ലക്ഷണമാകാം ഇതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ വ്യക്തത വേണമെങ്കില്‍ ജിത്തുവിനെ കണ്ടെത്തേണ്ടതുണ്ടെന്നാണ് പൊലീസ് പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com