കാസര്‍ഗോഡ് മെഡിക്കല്‍ കോളജില്‍ ജനുവരി മൂന്ന് മുതല്‍ ഒപി ആരംഭിക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 31st December 2021 07:16 PM |
Last Updated: 31st December 2021 07:19 PM | A+A A- |

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ജനുവരി മൂന്ന് മുതല്‍ ഒ.പി ആരംഭിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അക്കാഡമിക് ബ്ലോക്കിലായിരിക്കും ഒ.പി പ്രവര്‍ത്തിക്കുക. എത്രയും വേഗം ജനങ്ങള്‍ക്ക് ഒ.പി സേവനം ലഭ്യമാക്കുന്നതിന് വേണ്ടിയാണ് ആശുപത്രി കെട്ടിടം നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുവരെ കാത്തിരിക്കാതെ അക്കാഡമിക് ബ്ലോക്കില്‍ ഒ.പി സേവനം സജ്ജമാക്കിയത്. മെഡിക്കല്‍, പീഡിയാട്രിക് ഒ.പികളാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. ന്യൂറോളജി, റുമറ്റോളജി, നെഫ്രോളജി വിഭാഗം സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനവും ഉറപ്പ് വരുത്തിയിട്ടുണ്ട്. സര്‍ജറി, ഇ.എന്‍.ടി, ഒഫ്ത്താല്‍മോളജി, ദന്തല്‍ ഒ.പികള്‍ തുടങ്ങുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.
ഒ.പി തുടങ്ങുന്നതിന് മുന്നോടിയായി കഴിഞ്ഞ ദിവസം ന്യൂറോളജിസ്റ്റിനെ നിയമിച്ചിരുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ ദീര്‍ഘനാളായുള്ള ആവശ്യമാണ് ഇതിലൂടെ നടപ്പിലാക്കിയത്. ഇവരുടെ ന്യൂറോളജിക്കല്‍ പ്രശ്‌നങ്ങള്‍ എന്തെല്ലാമാണെന്ന് മനസിലാക്കാനും ഭാവിയില്‍ മെഡിക്കല്‍ കോളജില്‍ ഇവരുടെ ചികിത്സയ്ക്കായി കൂടുതല്‍ സൗകര്യങ്ങളൊരുക്കാനും ഇതിലൂടെ കഴിയും.