കേരള തീരത്ത് അമേരിക്കന്‍ കമ്പനിക്ക് മല്‍സ്യ ബന്ധനത്തിന് അനുമതി ; കോടികളുടെ അഴിമതിയെന്ന് ചെന്നിത്തല

സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതിയേക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം
രമേശ് ചെന്നിത്തല / ഫയല്‍ ചിത്രം

ആലപ്പുഴ : അമേരിക്കയിലെ വന്‍കിട കുത്തക കമ്പനിക്ക് കേരള തീരം തുറന്നുകൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. 5000 കോടിയുടെ കരാര്‍ കഴിഞ്ഞ ആഴ്ച കേരള സര്‍ക്കാര്‍ അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍നാഷണലുമായി ഒപ്പിട്ടു. ഇതിന്റെ പിന്നില്‍ കോടികളുടെ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.

4000 അത്യാധുനിക ട്രോളറുകളും അഞ്ച് കൂറ്റന്‍ കപ്പലുകളും കടലിന്റെ അടിത്തട്ട് വരെ അരിച്ചു പെറുക്കത്തക്ക നിലയിലുള്ള വലകള്‍ ഉപയോഗിച്ചുകൊണ്ടുള്ള വന്‍ കൊള്ളയാണ് ഈ കമ്പനി ആസൂത്രണം ചെയ്തിട്ടുള്ളത്. നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശ കമ്പനികള്‍ മല്‍സ്യബന്ധനം നടത്തുന്നത് കേരളത്തിലെ എല്ലാ രാഷ്ട്രീയപാര്‍ട്ടികളും എതിര്‍ത്തിട്ടുള്ളതാണ്.

വന്‍കിട കുത്തക കമ്പനിക്ക് കേരളം തീരം തുറന്നുകൊടുക്കാനാണ് പിണറായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. കേരളത്തിലെ മല്‍സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കുന്നതാണ് കരാര്‍. പരമ്പരാഗത മല്‍സ്യതൊഴിലാളികള്‍ പട്ടിണിയിലാകും. സ്പ്രിന്‍ക്ലര്‍, ഇ മൊബിലിറ്റി പദ്ധതിയേക്കാള്‍ വലിയ അഴിമതിയാണ് നടന്നിട്ടുള്ളതെന്നും ചെന്നിത്തല ആരോപിച്ചു.

ഇഎംസിസിയുമായി കരാര്‍ ഒപ്പിടുന്നതിന് മുമ്പ് ഇടതുമുന്നണിയിലേ മന്ത്രിസഭയിലോ ചര്‍ച്ച ചെയ്തിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു. മല്‍സ്യബന്ധനവുമായി ബന്ധപ്പെട്ട സംഘടനകളുമായും ചര്‍ച്ച ചെയ്തിട്ടില്ല. വിദേശ കപ്പലുകലെ നമ്മുടെ തീരത്തേക്ക് കൊണ്ടുവരാനുള്ള അപകടകരമായ നീക്കമാണ് കേരള സര്‍ക്കാര്‍ നടത്തുന്നത്. ഇതിന് പിന്നില്‍ വന്‍കിട കുത്തക കമ്പനികളുമായി വലിയ ഗുഢാലോചനയാണ് നടത്തിയത്.

ഈ ഗൂഢാലോചനയ്ക്ക് നേതൃത്വം കൊടുത്തത് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയാണ്. മന്ത്രി 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയുടെ തുടര്‍നടപടിയാണ് കഴിഞ്ഞ ആഴ്ച ഒപ്പിട്ട കരാര്‍. മേഴ്‌സിക്കുട്ടിയമ്മയുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് പദ്ധതി രൂപരേഖ തയ്യാറാക്കിയത്. ഈ പദ്ധതി തയ്യാറാക്കുന്നതിന് വേണ്ടി 2019 ല്‍ മല്‍സ്യ നയത്തില്‍ ആരോടും ആലോചിക്കാതെ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു എന്നും ചെന്നിത്തല പറഞ്ഞു.   

ഫിഷറീസ് നയത്തിലെ ഖണ്ഡിക 2.9 പ്രകാരമാണ് ഇത്തരമൊരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടതെന്നാണ് ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ പി ജയരാജന് നല്‍കിയ കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. 2020 ല്‍ കൊച്ചയില്‍ നടന്ന അസന്റിലേക്ക് ഈ കമ്പനിയെ ക്ഷണിച്ചു വരുത്തുകയും അവിടെ വച്ച് ധാരണാ പത്രത്തില്‍ ഒപ്പിടുകയുമാണ് ചെയ്തത്.അമേരിക്കൻ കമ്പനിക്കു കേരളത്തിൽ പ്രവർത്തിക്കുന്നതിനാവശ്യമായ സൗകര്യം ഒരുക്കാൻ തിരുവനന്തപുരം ജില്ലയിലെ പള്ളിപ്പുറത്ത് 4 ഏക്കർ സ്ഥലവും വിട്ടുകൊടുത്തുവെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com