മേഴ്‌സിക്കുട്ടിയമ്മ ആരെ കബളിപ്പിക്കുന്നു ? ; ചര്‍ച്ചയുടെ ചിത്രങ്ങള്‍ പുറത്തുവിട്ട് ചെന്നിത്തല

മന്ത്രി ക്ഷണിച്ചത് അനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ച എന്നതിനുമുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു
മന്ത്രിയും ഇഎംസിസിയുമായി ചര്‍ച്ച നടത്തുന്നു / ചെന്നിത്തല പുറത്തുവിട്ട ചിത്രം
മന്ത്രിയും ഇഎംസിസിയുമായി ചര്‍ച്ച നടത്തുന്നു / ചെന്നിത്തല പുറത്തുവിട്ട ചിത്രം

തിരുവനന്തപുരം : കേരള തീരത്ത് ആഴക്കടല്‍ മല്‍സ്യ ബന്ധനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കരാര്‍ നല്‍കിയതു സംബന്ധിച്ച ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നും അറിഞ്ഞിട്ടില്ലെന്ന് ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറയുന്നത് ആരെ കബളിപ്പിക്കാനാണെന്ന് ചെന്നിത്തല ചോദിച്ചു. എന്തിനാണ് ചേര്‍ത്തലയില്‍ നാലേക്കര്‍ ഭൂമി അനുവദിച്ചത്, മുഖ്യമന്ത്രി അറിയാതെ ഇത്ര വലിയ പദ്ധതി മുന്നോട്ടുപോകുമോയെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

താന്‍ ആരെയും കണ്ടിട്ടില്ല, ചര്‍ച്ച നടത്തിയിട്ടില്ല എന്നാണ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞത്. അതേസമയം അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുടെ ഡയറക്ടര്‍ ഷിജു വര്‍ഗീസുമായി മന്ത്രി ചര്‍ച്ച നടത്തുന്നതിന്റെ ചിത്രങ്ങള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടു. ഫിഷറീസ് വകുപ്പ് ജോയിന്റ് സെക്രട്ടറിയടക്കം ചര്‍ച്ചയില്‍ പങ്കെടുത്തു. മന്ത്രി ക്ഷണിച്ചത് അനുസരിച്ചാണ് കേരളത്തിലെ ചര്‍ച്ച എന്നതിനുമുള്ള രേഖയും ചെന്നിത്തല പുറത്തുവിട്ടു.

പ്രതിപക്ഷ നേതാവിന്റെ മാനസിക നില തകരാറിലായെന്നാണ് മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞത്. നേരത്തെ സ്പ്രിന്‍ക്ലര്‍ കരാര്‍, ഇ മൊബിലിറ്റി തട്ടിപ്പ് അടക്കം പുറത്തു കൊണ്ടുവന്നപ്പോഴും മുഖ്യമന്ത്രിയും ഇങ്ങനെ തന്നെയാണ് അഭിപ്രായപ്പെട്ടത്. എന്നാല്‍ താന്‍ ഉന്നയിച്ച കാര്യങ്ങളെല്ലാം ശരിയാണെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. പിണറായി വിജയനോടൊപ്പം അഞ്ചുവര്‍ഷക്കാലം  സഹകരിച്ചു പ്രവര്‍ത്തിച്ചതിനാലാകും വി എസ് ഗ്രൂപ്പുകാരി ആയിട്ടും മേഴ്‌സിക്കുട്ടിയമ്മയ്ക്ക് പിണറായിയുടെ ഭാഷ പകര്‍ന്നു കിട്ടിയതെന്നും ചെന്നിത്തല പറഞ്ഞു. 

വ്യവസായ മന്ത്രി ഇ പി ജയരാജനും ഈ കരാറിനെക്കുറിച്ച് അറിയാമെന്ന് ചെന്നിത്തല പറഞ്ഞു. മന്ത്രി ക്ഷണിച്ചിട്ടാണ് വന്നതെന്ന് യുഎസ് കമ്പനി പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ ന്യൂയോര്‍ക്കില്‍ കണ്ടിരുന്നുവെന്ന് ഇഎംസിസി വൈസ് പ്രസിഡന്റ് ജോസ് ഏബ്രഹാം അറിയിച്ചിരുന്നു. പദ്ധതിക്കായി ശരവേഗത്തിലാണ് നടപടികള്‍ പുരോഗമിച്ചത്. 2021 ഫെബ്രുവരി മൂന്നിന് പള്ളിപ്പുറത്ത് നാലേക്കര്‍ സ്ഥലം അനുവദിച്ചുകൊണ്ട് കെഎസ്‌ഐഡിസി ഉത്തരവിട്ടു. ഇത് ഫിഷറീസ് മന്ത്രിയും വ്യവസായ മന്ത്രിയും അറിയാതെയാണോ എന്ന് ചെന്നിത്തല ചോദിച്ചു.

ചട്ടങ്ങള്‍ അട്ടിമറിച്ച് കേരളതീരത്ത് മത്സ്യബന്ധനത്തിനുള്ള 5324.49 കോടി രൂപയുടെ പദ്ധതിക്ക് അമേരിക്കന്‍ കമ്പനിയുമായി സംസ്ഥാന സര്‍ക്കാര്‍ ധാരണാപത്രം ഒപ്പിട്ടവെന്നാണ് കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തല ആരോപിച്ചത്.  ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ന്യൂയോര്‍ക്കില്‍ പോയി ചര്‍ച്ച നടത്തിയെന്നും ഇഎംസിസി ഗ്ലോബല്‍ കണ്‍സോര്‍ഷ്യം എന്ന കമ്പനിയെ കേരളത്തിലേക്കു ക്ഷണിച്ചെന്നുമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്. എന്നാല്‍ ആരോപണം അസംബന്ധമാണെന്നായിരുന്നു മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ പ്രതികരണം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com