ഇഎംസിസി വ്യാജസ്ഥാപനമെന്ന് കേന്ദ്രം അറിയിച്ചു, ഒപ്പിട്ടത് അതിനുശേഷം ; ഉന്നതരുടെ അറിവോടെയെന്ന് വി മുരളീധരന്‍

ലക്ഷക്കണക്കിന് വരുന്ന മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്നും കുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്
വി മുരളീധരന്‍ / ഫയല്‍ ചിത്രം
വി മുരളീധരന്‍ / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : ഇഎംസിസി വ്യാജസ്ഥാപനമാണെന്ന് അറിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ കരാറില്‍ ഏര്‍പ്പെട്ടു എന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഇഎംസിസി വിശ്വാസ്യതയില്ലാത്ത സ്ഥാപനാണ്. സ്ഥാപനമെന്ന് പറയാന്‍ പോലുമാകില്ല. സ്വന്തമായി ഓഫീസ് പോലുമില്ല. ഇഎംസിസിയുടെ വിലാസം വിര്‍ച്വല്‍ അഡ്രസ് മാത്രമാണ്. വിദേശകാര്യമന്ത്രാലയം ഇക്കാര്യം ചൂണ്ടിക്കാട്ടി റിപ്പോര്‍ട്ട് നല്‍കിയതിന് ശേഷമാണ് ഈ കമ്പനിയുമായി ധാരണാപത്രം ഒപ്പിട്ടതെന്ന് വി മുരളീധരന്‍ പറഞ്ഞു.

അസന്‍ഡ് 2020 ല്‍ കരാര്‍ ഒപ്പിടുന്ന സമയത്ത് സംസ്ഥാനസര്‍ക്കാരിന് വളരെ കൃത്യമായ വിവരം ഉണ്ടായിരുന്നു ഈ സ്ഥാപനം വ്യാജസ്ഥാപനമാണ്, ന്യൂയോര്‍ക്കിലെ മേല്‍വിലാസത്തില്‍ അങ്ങനെയൊരു സ്ഥാപനം നിലനില്‍ക്കുന്നില്ല എന്ന്. കരാറില്‍ ഏര്‍പ്പെടാന്‍ സര്‍ക്കാരിന് ആരാണ് അധികാരം നല്‍കിയത്. ലക്ഷക്കണക്കിന് വരുന്ന മല്‍സ്യത്തൊഴിലാളികളെ പിന്നില്‍ നിന്നും കുത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.

ഇഎംസിസി എന്ന സ്ഥാപനത്തെ സംബന്ധിച്ച്  കേരള സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയച്ചു. ഈ സ്ഥാപനത്തിന് വിശ്വാസ്യതയില്ലെന്ന് കാണിച്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടും കരാറില്‍ ഒപ്പിട്ടു എങ്കില്‍ അതിന് അര്‍ത്ഥം എന്താണ് ?. കരാറിന് പിന്നില്‍ സര്‍ക്കാരിലെ ഉന്നതരുടെ അറിവോടും, അവര്‍ നടത്തുന്ന ആസൂത്രിതമായ വെട്ടിപ്പിന്റെ ഭാഗവുമാണെന്ന് വ്യക്തമാണ് എന്നും മുരളീധരന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com