ഇതും സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ?; റവന്യൂ വകുപ്പ് 'സൂപ്പര്‍മന്ത്രിയായ' സെക്രട്ടറിക്ക് അടിയറ വെച്ചോയെന്ന് വി ഡി സതീശന്‍ 

'ഈ സര്‍ക്കാരിന്റെ ഒരു രീതി വെച്ച് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു'
വി ഡി സതീശന്‍ / ഫെയ്‌സ്ബുക്ക് ചിത്രം
വി ഡി സതീശന്‍ / ഫെയ്‌സ്ബുക്ക് ചിത്രം

തിരുവനന്തപുരം :  മുട്ടില്‍ മരംമുറി രേഖകള്‍  വിവരാവകാശ നിയമം വഴി പുറത്തുനല്‍കിയ ഉദ്യോഗസ്ഥക്കെതിരായ  നടപടിയില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാനത്ത് റവന്യൂമന്ത്രിയുണ്ടോയെന്ന് പ്രതിപക്ഷ നേതാവ് പരിഹസിച്ചു. വകുപ്പില്‍ നടക്കുന്നത് എന്താണെന്ന് റവന്യൂമന്ത്രി അറിയുന്നുണ്ടോ ?. വകുപ്പിന്റെ സൂപ്പര്‍മന്ത്രിയായി സ്വയം അവരോധിതനായ റവന്യൂസെക്രട്ടറിക്ക് വകുപ്പ് അടിയറ വെച്ചോയെന്നും വി ഡി സതീശന്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ചോദിച്ചു. 

റവന്യൂ വകുപ്പിലെ അണ്ടര്‍ സെക്രട്ടറിയെ ആദ്യം അവര്‍ വഹിച്ചിരുന്ന വിവരാവകാശ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികയില്‍ നിന്ന് പൊടുന്നനെ മാറ്റുന്നു. പ്രിന്‍സിപ്പല്‍ സെക്രട്ടറി ആ ഉദ്യോഗസ്ഥയെ വിളിച്ചു വരുത്തി അവധിയില്‍ പോകാന്‍ വാക്കാല്‍ നിര്‍ദ്ദേശിക്കുന്നു. അവധി അപേക്ഷയില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ അവധിയില്‍ പോകുന്നു എന്നും എഴുതാനായിരുന്നു ഉത്തരവ്. എന്നിട്ടും അരിശം തീരാഞ്ഞ് ഈ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി.

''ചില ഫയലുകളുടെ പ്രാഥമിക പരിശോധനയില്‍ ഈ ഉദ്യോഗസ്ഥയുടെ സത്യസന്ധത വിശ്വാസ്യത (integrtiy) സംശയത്തിന് അതീതമല്ലെന്ന് കണ്ടെത്തി. ' അതിനാല്‍ 'എന്റെ' അഭിപ്രായത്തില്‍ അവര്‍ ഗുഡ് സര്‍വീസ് എന്‍ട്രിക്ക് അര്‍ഹയല്ല. ഈ സാഹചര്യത്തില്‍ 'ഞാന്‍'ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കുന്നു.' എന്നാണ് റവന്യൂ സെക്രട്ടറി രേഖപ്പെടുത്തിയത്. എനിക്ക്, ഞാന്‍, എന്റെ  ഇങ്ങനെ ഫയലെഴുന്നതാവാം പോസ്റ്റ് ട്രൂത്ത് കാലഘട്ടത്തിലെ ഒരു രീതി എന്നും സതീശന്‍ പരിഹസിച്ചു. 

മുട്ടില്‍ മരംമുറി ഫയല്‍ വിവരാവകാശ നിയമം അനുസരിച്ച് പുറത്ത് നല്‍കി എന്നതാണ് അവര്‍ ചെയ്ത കുറ്റം. ഈ സര്‍ക്കാരിന്റെ ഒരു രീതി വെച്ച് അവര്‍ക്കെതിരെ കുറഞ്ഞത് ഒരു യു.എ.പി.എ കേസെങ്കിലും ചുമത്തേണ്ടതായിരുന്നു എന്നും സതീശന്‍ പരിഹസിച്ചു. ജീവനക്കാരിയുടെ അന്തസ്സും പൊതുനന്മയും സംരക്ഷിക്കേണ്ടത് മന്ത്രിയാണ്. നിങ്ങളാരംഭിച്ചിരിക്കുന്ന സ്ത്രീപക്ഷ കേരളം പരിപാടിയുടെ ഭാഗമാണോ ഇത്? എന്നും സതീശന്‍ മുഖ്യമന്ത്രിയോടും സിപിഎമ്മിനോടും ചോദിക്കുന്നു. ഉദ്യോഗസ്ഥയ്ക്ക് ഏപ്രില്‍ മാസത്തില്‍ നല്‍കിയ ഗുഡ് സര്‍വീസ് എന്‍ട്രി, റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ ജയതിലക് ആണ് റദ്ദാക്കിയത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com