വിസ്മയയുടെ മരണം : വനിതാ കമ്മീഷന്‍ കേസെടുത്തു ;  യുവതി ബന്ധുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2021 01:03 PM  |  

Last Updated: 21st June 2021 03:06 PM  |   A+A-   |  

vismaya death

മരിച്ച വിസ്മയ, ബന്ധുക്കൾക്ക് അയച്ച സന്ദേശം / ടെലിവിഷൻ ചിത്രം

 

കൊല്ലം : കൊല്ലം നിലമേലില്‍ യുവതി ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറല്‍ എസ്പിയോട് സംഭവത്തില്‍ റിപ്പോര്‍ട്ട് തേടിയതായി വനിതാ കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍ പറഞ്ഞു. 

നിലമേല്‍ കൈതോട് സ്വദേശിനി വിസ്മയ(24)യാണ് മരിച്ചത്. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്റെ ശാസ്താംകോട്ടയ്ക്ക്ടുത്ത് ശാസ്തനടയിലെ വീട്ടില്‍ പുലര്‍ച്ചെയാണ് യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 

സ്ത്രീധന പീഡനത്തെത്തുടര്‍ന്നുള്ള കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. യുവതിയുടെ വീട്ടുകാരെ പുലര്‍ച്ചെ വിസ്മയ തൂങ്ങി മരിച്ചു എന്നു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബന്ധുക്കള്‍ നിലമേലില്‍ നിന്നും ശാസ്താംകോട്ടയിലെത്തി. എന്നാല്‍ ബന്ധുക്കള്‍ എത്തുന്നതിന് മുമ്പു തന്നെ മൃതദേഹം വീട്ടില്‍ നിന്നും മാറ്റിയിരുന്നെന്നും യുവതിയുടെ മാതാപിതാക്കള്‍ പറയുന്നു. 

കഴിഞ്ഞവര്‍ഷം മാര്‍ച്ചിലായിരുന്നു ഇവരുടെ വിവാഹം. സ്ത്രീധനത്തെച്ചൊല്ലി ഭര്‍ത്താവ് നിരന്തരം വിസ്മയയെ മര്‍ദ്ദിക്കുമായിരുന്നു എന്ന് ബന്ധുക്കള്‍ പറയുന്നു. 

കഴിഞ്ഞദിവസം ബന്ധുക്കള്‍ക്ക് വിസ്മയ മര്‍ദ്ദനമേറ്റതിന്റെ ചിത്രങ്ങള്‍ അയച്ചുകൊടുത്തിരുന്നു. തന്നെ നിരന്തരം മര്‍ദ്ദിക്കുമായിരുന്നു എന്നും പെണ്‍കുട്ടി വാട്‌സ്ആപ്പ് സന്ദേശത്തിലൂടെ ബന്ധുക്കളെ അറിയിച്ചിരുന്നു. 

ഈ തെളിവുകള്‍ ബന്ധുക്കള്‍ പുറത്തുവിട്ടു. ക്രൂരമായ മർദ്ദനത്തിന്‍റെ വിവരങ്ങളാണ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ്പ് സന്ദേശങ്ങളിൽ പറയുന്നത്. ഭർത്താവ് വീട്ടിൽ വന്നാൽ തന്നെ അടിക്കുമെന്ന് വാട്സാപ്പ് ചാറ്റിൽ വിസ്മയ പറയുന്നു. സ്ത്രീധനമായി തന്ന വണ്ടി കൊള്ളില്ലെന്ന് ഭർത്താവ് കിരൺ പറഞ്ഞു. അതിന്‍റെ പേരിൽ തന്നെയും അച്ഛനെയും തെറി പറഞ്ഞെന്നും ചാറ്റിൽ വിസ്മയ ബന്ധുക്കളോട് പറയുന്നു.

പല തവണ തെറി പറഞ്ഞെങ്കിലും അതെല്ലാം സഹിച്ചു. പക്ഷേ, ഒടുവിൽ നിർത്താൻ പറഞ്ഞ് മുറിയുടെ കതക് തുറന്നപ്പോൾ മുടിയിൽ പിടിച്ച് വലിച്ച് മുഖത്ത് ചവിട്ടുകയും പല തവണ അടിക്കുകയും ചെയ്തു.  കാല് വച്ച് മുഖത്ത് അമർത്തിയെന്നും വിസ്മയ പറയുന്നു. കയ്യിലും മുഖത്തും അടക്കം അടി കൊണ്ട് നീലിച്ചതിന്‍റെ പാടുകളും  വിസ്മയ ബന്ധുക്കൾക്ക് അയച്ചുകൊടുത്തിരുന്നു. 

ഈ സാഹചര്യത്തില്‍ വിസ്മയയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ബലമായി സംശയിക്കുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. 
 

യുവതി ബന്ധുക്കൾക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം