'പരീക്ഷയ്ക്ക് വിടുന്നില്ല, ആയിരം രൂപ വേണം'; മരിക്കുന്നതിന് മുമ്പ് വിസ്മയ അമ്മയെ വിളിച്ച് കരഞ്ഞു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd June 2021 09:39 AM  |  

Last Updated: 22nd June 2021 09:39 AM  |   A+A-   |  

vismaya_death_kollam

മരിച്ച വിസ്മയ, മർദനമേറ്റ ചിത്രങ്ങൾ / ടെലിവിഷൻ ചിത്രം

 

കൊല്ലം: "പരീക്ഷയ്ക്ക് വിടുന്നില്ല, എനിക്കൊരു ആയിരം രൂപ വേണം", മരിച്ച ദിവസം രാത്രിയിൽ അമ്മയെ വിളിച്ച വിസ്മയ കരഞ്ഞു പറഞ്ഞതിങ്ങനെ. പണം അയച്ചുകൊടുക്കാമെന്ന് അമ്മ പറഞ്ഞെങ്കിലും പിന്നീട് കേട്ടത് വിസ്മയയുടെ മരണ വാർത്തയാണെന്ന് സഹോദരൻ വിജിത്ത് പറയുന്നു. 

സ്ത്രീധനമായി നൽകിയ കാർ ഇഷ്ടമായില്ലെന്ന് പറഞ്ഞാണ് തന്നെ ഉപദ്രവിക്കുന്നതെന്ന് വിസ്മയ പറഞ്ഞിട്ടുണ്ട്. മുൻപൊരിക്കൽ കിരൺ കാർ വിസ്മയയുടെ വീട്ടിൽ കൊണ്ടുവരികയും അവിടെ വച്ച് യുവതിയെ മർദ്ദിക്കുകയും ചെയ്തിട്ടുണ്ട്. ചോദിക്കാൻ ചെന്നപ്പോൾ തന്നെയും തല്ലിയെന്ന് സഹോദരൻ പറയുന്നു. ഈ സംഭവം പിന്നീട് പൊലീസ് കേസായി. "സ്ഥലത്തെത്തിയ എസ്ഐയെയും തല്ലാൻ പോയി. അദ്ദേഹത്തിന്റെ ഷർട്ട് ഇവൻ വലിച്ചുപൊട്ടിച്ചു", വിജിത് പറഞ്ഞു. കിരണിന്റെ മെഡിക്കൽ ചെക്കപ്പിൽ അന്ന് മദ്യപിച്ചിരുന്നതായി വ്യക്തമായെന്നും സ്റ്റേഷനിലെത്തിയപ്പോൾ മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥർ അടക്കം ഇടപെട്ട് സംഭവം ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെന്നും വിജിത് പറഞ്ഞു. 

"പെങ്ങളുടെ ഭാവിയാണ് ഇനി ഇങ്ങനെയൊന്നും ആവർത്തിക്കില്ല എന്ന് എഴുതി തന്നു. അതിൽ ‍ഞാനും ഒപ്പിട്ടു. ആ ഒപ്പിന്റെ വിലയാണ് എന്റെ പെങ്ങളുടെ മൃതദേഹം വീടിന് മുന്നിലെത്തിച്ചത്", അദ്ദേഹം പറഞ്ഞു. 

മരണത്തിന് കുറച്ചുനാൾ മുൻപ് വിസ്മയ ബന്ധുക്കൾക്ക് അയച്ച വാട്സാപ് സന്ദേശങ്ങളിലും സ്ത്രീധനത്തിന്റെ പേരിൽ അനുഭവിക്കേണ്ടി വന്ന ക്രൂരതകളെക്കുറിച്ചാണ് പറയുന്നത്. "വണ്ടി കൊള്ളില്ല എന്നു പറഞ്ഞ് എന്നെ തെറി വിളിച്ചു. അച്ഛനെ കുറേ പച്ചത്തെറി വിളിച്ചു. എന്റെ മുടിയിൽപ്പിടിച്ചു വലിച്ചു. ദേഷ്യം വന്നാൽ എന്നെ അടിക്കും. മിനഞ്ഞാന്ന് എന്റെ മുഖത്ത് ചവിട്ടി. ഞാൻ ഒന്നും ആരോടും പറഞ്ഞില്ല. ഞാൻ അടികൊണ്ട് കിടന്നപ്പോൾ കാലുകൊണ്ട് മുഖത്ത് അമർത്തി", വിസ്മയ അയച്ച സന്ദേശങ്ങളിലെ ഉള്ളടക്കം ഇങ്ങനെയാണ്.