എങ്കിൽപ്പിന്നെ അനുഭവിച്ചോ; പരാതി പറയാൻ വിളിച്ച യുവതിയോട് വനിതാ കമ്മിഷൻ അധ്യക്ഷ; എംസി ജോസഫൈന്റെ മറുപടി വിവാദത്തിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th June 2021 12:23 PM  |  

Last Updated: 24th June 2021 12:24 PM  |   A+A-   |  

MC Josephine's reply in controversy

എംസി ജോസഫൈൻ/ ഫയൽ

 

കൊച്ചി: ഭർതൃവീട്ടിലെ പീഡനത്തിൽ പരാതി നൽകാൻ വിളിച്ച യുവതിക്ക്  വനിത കമ്മിഷൻ അധ്യക്ഷ എംസി ജോസഫൈൻ നൽകിയ മറുപടി വിവാദത്തിൽ. ടെലിവിഷൻ ചാനലിന്റെ ലൈവ്​ ഷോയിൽ പരാതി പറഞ്ഞ യുവതിയോടാണ് ജോസഫൈന്റെ വിവാദ പ്രതികരണം. 

യുവതി വിളിച്ചപ്പോൾ മുതൽ അതൃപ്തിയോടെ ജോസഫൈൻ പ്രതികരിക്കുന്ന വിഡിയോ ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. '2014ൽ ആണ്​ കല്യാണം കഴിഞ്ഞത്​ എന്നു പറയുന്ന യുവതിയോട് ഭർത്താവ്​ ഉപദ്രവിക്കാറുണ്ടോയെന്ന് ജോസഫൈൻ ചോദിക്കുന്നു. ഉണ്ടെന്നു യുവതിയുടെ മറുപടി. അമ്മായിയമ്മയും ഉപദ്രവിക്കുമോയെന്ന ചോദ്യത്തിനും യുവതി മറുപടി നൽകി. പൊലീസിൽ പരാതി നൽകിയോ എന്നു ചോദിച്ചപ്പോൾ ആരോടും പറഞ്ഞില്ലെന്നാണ് യുവതി പറയുന്നത്. എങ്കിൽ അനുഭവിച്ചോ എന്ന ജോസഫൈന്റെ മറുപടിയാണ് വിവാദമായത്. 

ഭർത്താവുമായി യോജിച്ച്​ ജീവിക്കാൻ താൽപര്യമില്ലെങ്കിൽ സ്​ത്രീധനവും നഷ്​ടപരിഹാരവും തിരിച്ച്​ കിട്ടാൻ നല്ല വക്കീൽ വഴി കുടുംബകോടതിയെ സമീപിക്കാനും വനിത കമീഷൻ അധ്യക്ഷ ഉപദേശം നൽകുന്നുണ്ട്​. വേണമെങ്കിൽ വനിതകമീഷനിൽ പരാതി നൽകാനും ജോസഫൈൻ പറയുന്നുണ്ട്​. 

ജോസഫൈന്റെ പ്രതികരണത്തിന് രൂക്ഷ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.