മയൂഖ ജോണിയുടെ ആരോപണത്തിന് പിന്നില്‍ എംപയര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭയിലെ തര്‍ക്കം ; സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമെന്ന് മറുവിഭാഗം

സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ക്കെതിരെ നിരന്തരം വ്യാജപരാതി ഉന്നയിക്കുന്നുണ്ടെന്നാണ് ആക്ഷേപം
മയൂഖ ജോണി, ബിജു ഫിലിപ്പ്‌
മയൂഖ ജോണി, ബിജു ഫിലിപ്പ്‌

തൃശൂര്‍ : സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന കായിക താരം മയൂഖ ജോണിയുടെ ആരോപണത്തിന് പിന്നില്‍ എംപയര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭയിലെ തര്‍ക്കമെന്ന് മറുവിഭാഗം. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് മാനഭംഗക്കേസിന്റെ പരാതിക്ക് കാരണമെന്ന് സിയോണ്‍ സഭയിലെ മുന്‍ അംഗങ്ങള്‍ ആരോപിച്ചു. 

ഇരിങ്ങാലക്കുട മൂരിയാട് ആസ്ഥാനമായുള്ള സിയോണ്‍ സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ക്കെതിരെ നിരന്തരം വ്യാജപരാതി ഉന്നയിക്കുന്നുണ്ടെന്നാണ് ആക്ഷേപം. പ്രതിക്ക് വേണ്ടി ഏതെങ്കിലും മന്ത്രിയുമായോ, വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണുമായോ സംസാരിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. 

മയൂഖ ഉന്നയിച്ച ആരോപണവിധേയന്‍ ആളൂര്‍ സ്വദേശി ജോണ്‍സണ്‍ നിരപരാധിയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പൊലീസിന് കൈമാറിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു. സഭ വിട്ടുപോന്ന 2000 ഓളം പേര്‍ക്കെതിരെ വ്യാജപരാതികള്‍ ഉന്നയിച്ചിരുന്നു. ഇതൊന്നും ഫലിക്കാതായപ്പോഴാണ്, ഏറ്റവുമൊടുവില്‍ മയൂഖ ജോണിയെക്കൊണ്ട് ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് സിയോണ്‍ സഭ മുന്‍ അംഗം ബിജു ഫിലിപ്പ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

സഹപ്രവര്‍ത്തകയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്‌തെന്ന് പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുത്തില്ലെന്നാണ്  ഒളിമ്പ്യന്‍ മയൂഖ ജോണി ആരോപിച്ചത്. പ്രതികളെ സംരക്ഷിക്കാനായി മുന്‍ വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എംസി ജോസഫൈന്‍ ഇടപെട്ടെന്നും മയൂഖ ജോണി പറഞ്ഞു. ഇരയാക്കപ്പെട്ട സുഹൃത്തിനൊപ്പമായിരുന്നു മയുഖ ജോണി വാര്‍ത്താസമ്മേളനം നടത്തിയത്. 

2016ല്‍ ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാത്സംഗം ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് അപ്പോള്‍ പരാതി നല്‍കിയിരുന്നില്ല. വിവാഹശേഷവും ജോണ്‍സണ്‍ ഭീഷണിപ്പെടുത്തി പിന്തുടര്‍ന്നതിന് പിന്നാലെയാണ് പരാതി നല്‍കിയത്. എന്നാല്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് പ്രതിയെ സംരക്ഷിക്കുന്ന  നടപടിയാണ് ഉണ്ടായതെന്ന് മയൂഖ പറഞ്ഞു.

2018ല്‍ കൊച്ചിയിലെ ഒരുമാളില്‍ വച്ച് പ്രതി ഭീഷണിപ്പെടുത്തിയതായും മയൂഖ പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ ഇരയാക്കപ്പെട്ട യുവതിയെ മുംബൈയില്‍ നിന്ന് എത്തിയ ഗുണ്ട വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയതായും പരാതിയുമായി മുന്നോട്ടുപോകകുയയാണെങ്കില്‍ പ്രത്യാഘാതം വലുതായിരിക്കുമെന്ന് പറയുകയും ചെയ്തു. ഇതിന് പിന്നാലെ ബലാത്സംഗത്തിനിരയായ യുവതി വിവരം ഭര്‍ത്താവിനെ അറിയിച്ചു. 

സംഭവത്തില്‍ മജിസ്‌ട്രേറ്റിന് മുമ്പാകെ രഹസ്യമൊഴി നല്‍കിയിരുന്നു. അതിന് പിന്നാലെ പ്രതി യുവതിയുടെ ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തി. പൊലീസില്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. കഴിഞ്ഞയാഴ്ച ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് പരാതി നല്‍കി. സംഭവത്തിന് തെളിവില്ലെന്നാണ് പൊലീസ് പറയുന്നതെന്നും മയൂഖ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com