വീണാ ജോര്‍ജ് മന്ത്രിസഭയിലേക്ക്; ഗോവിന്ദന്‍, രാധാകൃഷ്ണന്‍, ബാലഗോപാല്‍, രാജീവ്; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവം

ഇടതു തരംഗം വീശിയടിച്ച തെരഞ്ഞെടുപ്പില്‍ മെഴ്‌സിക്കുട്ടിയമ്മ അപ്രതീക്ഷിത പരാജയം നേരിട്ടപ്പോള്‍ രണ്ടാം വനിതാ മന്ത്രിയാര് എന്നതില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങി
വീണാ ജോര്‍ജ്‌/ഫയല്‍
വീണാ ജോര്‍ജ്‌/ഫയല്‍

തിരുവനന്തപുരം: ചരിത്ര ജയം നേടി ഇടതു മുന്നണി അധികാരം നിലനിര്‍ത്തിയതോടെ രണ്ടാം പിണറായി സര്‍ക്കാരില്‍ ആരൊക്കെയായിരിക്കും മന്ത്രിമാര്‍ എന്ന ചര്‍ച്ചകള്‍ക്കു ചൂടുപിടിച്ചു. സിപിഎം കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെകെ ശൈലജ, എംവി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍ എന്നിവര്‍ മന്ത്രിസഭയിലുണ്ടാവും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി രാജീവും കെഎന്‍ ബാലഗോപാലും മന്ത്രിമാരാവുമെന്നും ഉറപ്പ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടു വനിതാ മന്ത്രിമാരാണ് ഉണ്ടായിരുന്നത്. കെകെ ശൈലജയും ജെ മേഴ്‌സിക്കുട്ടിയമ്മയും. ഇടതു തരംഗം വീശിയടിച്ച തെരഞ്ഞെടുപ്പില്‍ മെഴ്‌സിക്കുട്ടിയമ്മ അപ്രതീക്ഷിത പരാജയം നേരിട്ടപ്പോള്‍ രണ്ടാം വനിതാ മന്ത്രിയാര് എന്നതില്‍ ഇതിനകം തന്നെ ചര്‍ച്ചകള്‍ തുടങ്ങിയിട്ടുണ്ട്. ആറന്മുളയില്‍നിന്നു രണ്ടാമതും ജയിച്ചുകയറിയ വീണാജോര്‍ജിനാണ് സാധ്യത കൂടുതല്‍. ഇരിങ്ങാലക്കുടയില്‍ ജയിച്ച ആര്‍ ബിന്ദുവും പരിഗണനാപട്ടികയില്‍ ഇടംപിടിക്കും.

ചേലക്കരയില്‍നിന്നു സഭയില്‍ എത്തിയ കേന്ദ്ര കമ്മിറ്റി അംഗം കെ രാധാകൃഷ്ണനും കുന്നംകുളത്തുന്നു ജയിച്ചെത്തിയ സംസ്ഥാന സമിതി അംഗം എസി മൊയ്തീനും മന്ത്രിമാരാവുന്ന പക്ഷം ബിന്ദു പരിഗണിക്കപ്പെട്ടേക്കില്ല. തൃശൂര്‍ ജില്ലയില്‍നിന്നു മൂന്നു മന്ത്രിമാര്‍ എന്ന് മേഖലാ പ്രാതിനിധ്യത്തിനു തടസ്സമാവും. അതുകൊണ്ടുതന്നെ രണ്ടാം വനിതാ മന്ത്രി വീണാ ജോര്‍ജ് തന്നെയായിരിക്കുമെന്നാണ് ഇടതു കേന്ദ്രങ്ങള്‍ പറയുന്നത്. 

കണ്ണൂരിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ തിരുവനന്തപുരത്ത് എത്തിയതോടെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ സജീവമായി. ഇന്ന് ഉച്ചയ്ക്ക് അദ്ദേഹം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സന്ദര്‍ശിച്ച് രാജിനല്‍കും. രാജിക്കത്ത് സ്വീകരിക്കുന്ന ഗവര്‍ണര്‍ പുതിയ സര്‍ക്കാര്‍ സ്ഥാനമേല്‍ക്കുന്നതു വരെ കാവല്‍ മന്ത്രിസഭയായി തുടരാന്‍ മുഖ്യമന്ത്രിയോട് അഭ്യര്‍ഥിക്കുന്നതാണ് കീഴ്‌വഴക്കം. 

തെരഞ്ഞെടുപ്പിലെ വിജയികളെ വിജ്ഞാപനം ചെയ്ത് പുതിയ  നിയമസഭ രൂപവത്കരിക്കുന്നത് ഇലക്ഷന്‍ കമ്മിഷനാണ്. ഇത് നാളെയുണ്ടാവും. അതിനു ശേഷം പുതിയ പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്ന് നേതാവിനെ തെരഞ്ഞെടുക്കും. ഇതു ഗവര്‍ണറെ അറിയിച്ചതിനു ശേഷമാണ് അദ്ദേഹം സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിക്കുക. 

ആദ്യം മുഖ്യമന്ത്രിയും ഏതാനും സീനിയര്‍ മന്ത്രിമാരും മാത്രം സത്യപ്രതിജ്ഞ ചെയ്യുമെന്നും പിന്നീട് മന്ത്രിസഭ വികസിപ്പിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇടതു മുന്നണി വൃത്തങ്ങള്‍ ഇതു നിഷേധിച്ചു. ഒരാഴ്ച ലഭിക്കുന്നതോടെ മുഴുവന്‍ മന്ത്രിമാരും ആദ്യ ഘട്ടത്തില്‍ തന്നെ സത്യപ്രതിജ്ഞ ചെയ്യാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com