നന്ദികേടിന്റെ പേരാണ് 'ചങ്ങനാശേരിയിലെ തമ്പ്രാന്‍', സവര്‍ണനേതൃത്വം പിണറായിയെ ആക്രമിച്ചു ; വിമര്‍ശിച്ച് വെള്ളാപ്പള്ളി നടേശന്‍

സവര്‍ണനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചു എന്ന് എന്‍എസ്എസിനെ ഉദ്ദേശിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം
വെള്ളാപ്പള്ളി നടേശന്‍, ടെലിവിഷന്‍ ചിത്രം
വെള്ളാപ്പള്ളി നടേശന്‍, ടെലിവിഷന്‍ ചിത്രം

ആലപ്പുഴ: സവര്‍ണനേതൃത്വം മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിച്ചു എന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.നന്ദികേടിന്റെ പേരാണ് 'ചങ്ങനാശേരിയിലെ തമ്പ്രാന്‍'. അദ്ദേഹം വ്യക്തിപരമായി ആനുകൂല്യം നേടിയ ആളാണ്. ആര് ഭരിച്ചാലും എം ജി സര്‍വകലാശാലയില്‍ മകള്‍ സിന്‍ഡിക്കേറ്റ് മെമ്പറായി ഇരിക്കുന്നു. ഈ ആനുകൂല്യം വാങ്ങി സുഖം അനുഭവിക്കുന്ന ആളാണ് അദ്ദേഹം. എല്‍ഡിഎഫും വേണ്ട ആനുകൂല്യങ്ങള്‍ നല്‍കി. എന്നിട്ടും എല്‍ഡിഎഫിനെ തള്ളിപ്പറയുന്നതിനെ നന്ദികേട്‌ എന്ന് മാത്രമേ പറയാന്‍ സാധിക്കൂ എന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം നേതാവും മന്ത്രിയുമായ മേഴ്‌സിക്കുട്ടിയമ്മയെ വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. മേഴ്‌സി അശേഷം ഇല്ലാത്ത കുട്ടിയാണ് മേഴ്‌സിക്കുട്ടിയമ്മ. മേഴ്‌സിക്കുട്ടിയമ്മയുടെ അര്‍ഹതപ്പെട്ട തോല്‍വിയാണ്. ജനകീയ മുഖമില്ലാത്തത് കൊണ്ട് തോറ്റത്. തെറ്റുതിരുത്തി മുന്നോട്ടുവരണമെന്നും വെള്ളാപ്പള്ളി നടേശന്‍ ആവശ്യപ്പെട്ടു.

മറ്റൊരു മന്ത്രിയായ കെ ടി ജലീല്‍ സാങ്കേതികമായി തോറ്റു. കാന്തപുരത്തിന്റെ അനുയായി എന്ന നിലയിലുള്ള സ്‌നേഹം അദ്ദേഹത്തിന് ഇല്ല. നന്മ ഇല്ലാത്തത് കൊണ്ടാണ് തോറ്റത്. അദ്ദേഹം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയായിരുന്നു. എന്നാല്‍ ഒരു വിഭാഗത്തിന് വേണ്ടി മാത്രം നിലക്കൊണ്ടു. മലപ്പുറം മന്ത്രി മാത്രമായി അദ്ദേഹം മാറി. കെ ടി ജലീലിന് ദൈവശിക്ഷ ലഭിച്ചു. ദൈവം ഉണ്ടെന്ന് മനസിലാക്കണം. രണ്ടു മന്ത്രിമാര്‍ക്കും ജനം ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കിയതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പുഴയില്‍ കോണ്‍ഗ്രസിന്റെ തോല്‍വിയില്‍ സന്തോഷമുണ്ട്. ജില്ലാ നേതാക്കള്‍ തന്നെ ഉപദ്രവിച്ചു. അതുകൊണ്ട് അവര്‍ക്ക് വീട്ടില്‍ ഊരുവിലക്ക് കല്‍പ്പിച്ചു. ജില്ലയിലെ ഒരു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയോടും വീട്ടില്‍ വരേണ്ടതില്ല എന്ന് പറഞ്ഞു. തന്നെ ഉപദ്രവിച്ച അവര്‍ക്കുള്ള വഴിയമ്പലമല്ല തന്റെ വീട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ വീട്ടില്‍ കയറാന്‍ അനുവദിച്ചില്ല. ജനം പക്ഷേ എന്റെ നിലപാട് തിരിച്ചറിഞ്ഞു.ക്രൂരത കാണിച്ച കോണ്‍ഗ്രസുകാരെ ജനം ശിക്ഷിച്ചു. ആര്‍ക്കും വേണ്ടാത്ത പാര്‍ട്ടിയായി ദേശീയ പാര്‍ട്ടി മാറിയെന്നും അദ്ദേഹം പറഞ്ഞു.  ബിജെപിയുടെ കോണ്‍ഗ്രസ് മുക്ത ഭാരതം കേരളത്തില്‍ നടപ്പായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com