കടകള്‍ രാവിലെ എട്ട് മുതല്‍ രണ്ട് വരെ; ഹോട്ടലില്‍ നിന്ന് ഹോം ഡെലിവറി മാത്രം; എറണാകുളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ

കടകള്‍ രാവിലെ എട്ട് മുതല്‍ രണ്ട് വരെ; ഹോട്ടലില്‍ നിന്ന് ഹോം ഡെലിവറി മാത്രം; എറണാകുളത്തെ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഇങ്ങനെ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ഇന്ന് അര്‍ധരാത്രി മുതല്‍ നിലവില്‍ വരുന്ന എറണാകുളം ജില്ലയിലെ നിയന്ത്രണങ്ങള്‍ വ്യക്തമാക്കി ജില്ലാ ഭരണകൂടം. പൊതുജനങ്ങള്‍ അവരുടെ വീടുകളുടെ ഏറ്റവും അടുത്തുള്ള കടകളില്‍ നിന്നു മാത്രം അവശ്യ സാധനങ്ങള്‍ വാങ്ങേണ്ടതാണ്. സാധനങ്ങള്‍ വാങ്ങുന്നതിനായി ദൂര യാത്ര അനുവദിക്കില്ല. 

പലചരക്ക് കടകള്‍, പഴം, പച്ചക്കറികള്‍, മത്സ്യമാംസ വിതരണ കടകള്‍, കോഴി വ്യാപാര കടകള്‍, കോള്‍ഡ് സ്റ്റോറേജ് എന്നിവ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ പ്രവര്‍ത്തിക്കും. 

വഴിയോര കച്ചവടങ്ങള്‍ അനുവദിക്കുന്നതല്ല. ഹോട്ടലുകളും റെസ്റ്റോറന്റുകളും രാവിലെ എട്ട് മണി മുതല്‍ രാത്രി 7.30 വരെ പ്രവര്‍ത്തിക്കും. ഹോം ഡെലിവറി സംവിധാനമായിരിക്കും ഉണ്ടാവുക. പാഴ്‌സല്‍ സേവനം അനുവദിക്കുന്നതല്ല.

പത്രം, തപാല്‍ എന്നിവ രാവിലെ എട്ടു വരെ അനുവദനീയമാണ്. പാല്‍ സംഭരണം ഉച്ചക്ക് രണ്ട് മണി വരെ നടത്താം. റേഷന്‍കട, പൊതുവിതരണ കേന്ദ്രം, മാവേലി സപ്ലൈക്കോ കടകള്‍ എന്നിവ വൈകീട്ട് അഞ്ച് മണിവരെ പ്രവര്‍ത്തിക്കും. പെട്രോള്‍ പമ്പുകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, എടിഎം, മെഡിക്കല്‍ ഉപകരണങ്ങള്‍ വില്‍പ്പന നടത്തുന്ന സ്ഥാപനങ്ങള്‍, ഹോസ്പിറ്റലുകള്‍, ക്ലിനിക്കല്‍ സ്ഥാപനങ്ങള്‍, മെഡിക്കല്‍ ലാബുകള്‍ എന്നിവ സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കും. 

ഹോം നഴ്‌സ്, വീട്ടുജോലിക്കാര്‍ എന്നിവര്‍ക്ക് ഓണ്‍ലൈന്‍ പാസ് നിര്‍ബന്ധമാണ്. ഇലക്ട്രിക്കല്‍, പ്‌ളംബിങ് ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ഉപ്രയോഗിച്ച് യാത്ര ചെയ്യാം.

വിവാഹം അടക്കമുള്ള ആഘോഷങ്ങളും കൂട്ടംചേരലുകളും മാറ്റി വയ്ക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹങ്ങള്‍ക്ക് പരമാവധി 20 പേരെ പങ്കെടുപ്പിക്കാം. വിവാഹം, മരണാനന്തര ചടങ്ങുകള്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ റിപ്പോര്‍ട്ട് ചെയ്യണം. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ പാടുള്ളതല്ല. 

ബാങ്കുകളുടെ പ്രവര്‍ത്തനം തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ പത്ത് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രം. മിനിമം ജീവനക്കാര്‍ മാത്രമേ പാടുള്ളു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com