ഒരുതരി മതി, മണിക്കൂറുകളോളം ലഹരി; 'സ്‌നോബോള്‍' മുന്തിയ ഇനം ഹെറോയിനുമായി അസം സ്വദേശി കൊച്ചിയില്‍ പിടിയില്‍

ക്ഷീണം, തളര്‍ച്ച എന്നിവ കൂടാതെ കൂടുതല്‍ ഉന്മേഷത്തോടു കൂടി ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാന്‍ കാരണം
അസം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍
അസം സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്ത ഹെറോയിന്‍

കൊച്ചി: ആലുവയിലും പരിസരങ്ങളിലും വന്‍തോതില്‍ മയക്കുമരുന്നുകള്‍ എത്തിച്ച് കൊടുക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. അസം സ്വദേശി ഇംദാദുള്‍ ഹക്ക് (29) എന്നയാളാണ് അത്യന്തം വിനാശകാരിയായ  മുന്തിയ ഇനം ഹെറോയിനുമായി പിടിയിലായത്. ഇയാളുടെ പക്കല്‍ നിന്ന് 3 ഗ്രാം ഹെറോയിന്‍ പിടിച്ചെടുത്തു. 

ഉപഭോക്താക്കള്‍ക്കിടയില്‍ ' സ്‌നോ ബോള്‍ ' എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ മയക്കുമരുന്നിന് ആവശ്യക്കാര്‍ ഏറെയാണ്.  രണ്ട് മില്ലിഗ്രാം ഹെറോയിന് 3000 രൂപയാണ് ഇടാക്കുന്നതെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞതായി അധികൃതര്‍ അറിയിച്ചു. ഇടനിലക്കാരുടെ മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ പ്രകാരമാണ് ഇയാള്‍ മയക്ക് മരുന്ന് എത്തിച്ച് കൊടുത്തിരുന്നത്. അസമിലെ ഗുവഹത്തിലുള്ള ലഹരി മാഫിയ സംഘങ്ങളില്‍ നിന്നാണ് ഇയാള്‍ മയക്ക് മരുന്ന് കേരളത്തില്‍ എത്തിക്കുന്നത്.  വെറും മൈക്രോഗ്രാം മാത്രം ഉപയോഗിച്ചാല്‍ ഇതിന്റെ രാസ ലഹരി മണിക്കൂറുകളോളം നിലനില്‍ക്കുന്നതിനാല്‍ നിശാ പാര്‍ട്ടികള്‍ക്കും മറ്റും ഇത് വളരെ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. 

ക്ഷീണം, തളര്‍ച്ച എന്നിവ കൂടാതെ കൂടുതല്‍ ഉന്മേഷത്തോടു കൂടി ഡി ജെ പാര്‍ട്ടികളില്‍ പങ്കെടുക്കുവാന്‍ സാധിക്കുന്നു എന്നതാണ് ഇതിന് പ്രിയം ഏറാന്‍ കാരണം. എന്നാല്‍ ഇതിന്റെ ഉപയോഗക്രമം പാളിയാല്‍ അമിത രക്തസമ്മര്‍ദം മൂലം ഹൃദയാഘാതം സംഭവിക്കാന്‍ ഇടയുണ്ടെന്നാണ്  ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്.  ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് മയക്ക് മരുന്നുമായി പിടിയിലായ ബംഗാള്‍ സ്വദേശിയില്‍ നിന്ന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് ഇയാള്‍ ആലുവ റേഞ്ച് എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. മയക്ക് മരുന്ന് കൈമാറുന്നതിന് വേണ്ടി ആലുവ മാറമ്പിള്ളിക്ക്  സമീപം നില്‍ക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. 

പ്രതിയില്‍ നിന്ന് മയക്ക് മരുന്നുകള്‍ വാങ്ങുന്ന  ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുമെന്നും കൂടുതല്‍ അറസ്റ്റ് ഉടന്‍ ഉണ്ടാകുമെന്നും,  മയക്ക് മരുന്നിന്റെ ഉറവിടം സംബന്ധിച്ച് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാദ്ധ്യമായ എല്ലാ അധികാരങ്ങള്‍ ഉപയോഗിച്ചും മറ്റ് വകുപ്പുകളുടെ സഹകരണത്തോടെയും ഇത് സംബന്ധിച്ച സമഗ്ര അന്വേഷണം നടത്തുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.  ഇന്‍സ്‌പെക്ടര്‍ ആര്‍. അജിരാജിന്റെ നേതൃത്വത്തില്‍ പ്രിവന്റീവ് ഓഫീസര്‍ ടി.വി.ജോണ്‍സന്‍  ഷാഡോ ടീം അംഗങ്ങളായ എന്‍ ഡി ടോമി, എന്‍ ജി അജിത്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ രജിത്ത് ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com