ജോജു മദ്യപിച്ചിട്ടില്ല, കോണ്‍ഗ്രസ് ആരോപണം തള്ളി പരിശോധനാഫലം; വീഡിയോ പരിശോധിക്കുമെന്ന് ഡിസിപി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st November 2021 02:52 PM  |  

Last Updated: 01st November 2021 02:52 PM  |   A+A-   |  

joju against congress strike

ജോജു, ഡിസിപി ഐശ്വര്യ ഡോങ്‌റെ

 

കൊച്ചി: വാഹനഗതാഗതം തടസ്സപ്പെടുത്തി ദേശീയപാത ഉപരോധിച്ച് കോണ്‍ഗ്രസ് നടത്തിയ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിട്ടില്ലെന്ന് പൊലീസ്. വൈദ്യപരിശോധനയില്‍ മദ്യപിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. നടുറോഡില്‍ മദ്യപിച്ച് ജോജു ബഹളം വെച്ചതായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. ഈ ആരോപണം തള്ളുന്നതാണ് തൃപ്പൂണിത്തുറ താലൂക്കാശുപത്രിയില്‍ നിന്നുള്ള പരിശോധനാഫലം. അതിനിടെ ദേശീയ പാതയില്‍ ഉണ്ടായ സംഘര്‍ഷത്തിന്റെ വീഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, കാറിന്റെ ചില്ല് തകര്‍ക്കുകയും തന്നെ ആക്രമിക്കുകയും ചെയ്തതിന് പരാതി നല്‍കുമെന്ന് നടന്‍ ജോജു ജോര്‍ജ് അറിയിച്ചു. എന്റെ മാതാപിതാക്കളെ അസഭ്യം പറഞ്ഞു. വീട്ടിലിരിക്കുന്ന അവരെ എന്തിനാണ് ഇവര്‍ അസഭ്യം പറഞ്ഞത്. ബ്ലോക്കില്‍പ്പെട്ട് കിടന്ന എന്റെ കാറിന്റെ തൊട്ടരികില്‍ കീമോവിന് കൊണ്ടുപോകുന്ന രോഗിയുമായി വന്ന വാഹനം ഉണ്ടായിരുന്നു. ഇതെല്ലാം കണ്ടപ്പോഴാണ് പ്രതികരിച്ചത്. പ്രതികരിച്ചതില്‍ ഒരു തെറ്റും ഉണ്ടെന്ന് കരുതുന്നില്ല' - ജോജു മാധ്യമങ്ങളോട് പറഞ്ഞു.

ജോജു മദ്യപിച്ചിട്ടില്ല

ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ വഴിതടയല്‍ സമരം ചെയ്ത കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തില്‍ ജോജുവിന് പരിക്കേറ്റിരുന്നു. വൈദ്യപരിശോധനയ്ക്കായി തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോജു. ഞാന്‍ മദ്യപിച്ചു എന്നാണ് ചിലരുടെ ആരോപണം. ഞാന്‍ മദ്യപിച്ചിരുന്ന ആളാണ്. എന്നാല്‍ ഇപ്പോള്‍ മദ്യപിച്ചിട്ടില്ല. പൊലീസ് ഉദ്യോഗസ്ഥനാണ് സംഘര്‍ഷത്തില്‍ നിന്ന് രക്ഷിച്ചത്. സമരത്തിന്റെ മുന്‍നിരയില്‍ ഉണ്ടായിരുന്ന ചില നേതാക്കള്‍ എന്റെ അച്ഛനെയും അമ്മയെയും അസഭ്യം പറഞ്ഞു. വീട്ടിലിരിക്കുന്ന അച്ഛനെയും അമ്മയെയും അസഭ്യം പറയുന്നത് എന്തിനാണ്? എന്റെ അമ്മ കോണ്‍ഗ്രസുകാരിയാണ്.' - ജോജു ചോദിച്ചു.

'ബ്ലോക്കില്‍പ്പെട്ട് കിടന്ന എന്റെ വണ്ടിയുടെ അപ്പുറത്ത് കീമോവിന് കൊണ്ടുപോകുന്ന രോഗി സഞ്ചരിച്ചിരുന്ന വാഹനം ഉണ്ടായിരുന്നു. അത് കണ്ടപ്പോഴാണ് പ്രതിഷേധിച്ചത്. പ്രതിഷേധിച്ചതില്‍ ഒരു തെറ്റുമില്ല എന്ന് തന്നെയാണ് ഇപ്പോഴും എന്റെ നിലപാട്. ഹൈക്കോടതി ഉത്തരവ് പ്രകാരം വാഹനം വഴിയില്‍ തടയാന്‍ പാടില്ല. ഹൈക്കോടതി ഉത്തരവ് പാലിക്കാതെയാണ് അവര്‍ സമരം നടത്തിയത്. ഇതിനെതിരെയാണ് ഞാന്‍ പ്രതികരിച്ചത്. സിനിമാനടന്‍ എന്നത് വിട്, ഷോ കാണിക്കാനല്ല ഞാന്‍ ശ്രമിച്ചത്. ഞാന്‍ സിനിമയില്‍ അഭിനയിക്കുന്ന ആളാണ്. പുറത്ത് ഷോ കാണിക്കേണ്ട ആവശ്യമില്ല.'

കോണ്‍ഗ്രസ് ആരോപണം തള്ളി പരിശോധനാഫലം

ഇത് കോണ്‍ഗ്രസുമായുള്ള പ്രശ്‌നമല്ല. ചില വ്യക്തികളുമായുള്ള പ്രശ്‌നം മാത്രമാണ്. തനിക്കെതിരെ നടന്ന ആക്രമണത്തില്‍ പരാതി നല്‍കും. ഒരു സ്ത്രീയെ പോലും ഞാന്‍ അപമാനിച്ചിട്ടില്ല. എനിക്കും അമ്മയും പെണ്‍മക്കളുമുണ്ട്. ഒരു സ്ത്രീയോടും മോശമായി പെരുമാറിയിട്ടില്ലെന്നും ജോജു പറഞ്ഞു.