തിരുവനന്തപുരം : നടന്‍ ജോജു ജോര്‍ജ് ഗുണ്ടയെപ്പോലെയാണ് പെരുമാറിയതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ഇന്ധനവില വര്‍ധനക്കെതിരെ കോണ്‍ഗ്രസ് സമരം നടത്തുമ്പോള്‍ സിനിമാരംഗത്തെ ഒരു പ്രശസ്തന്‍ സമരമുഖത്ത് കാട്ടിയ അക്രമങ്ങള്‍ ഖേദകരമാണ്. പൊലീസിന്റെ ഭാഗത്തുനിന്നും നടപടിയുണ്ടാകണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.
പരിശോധിക്കാന്‍ പൊലീസ് തയ്യാറാകണം
നടന്‍ മദ്യപിച്ചിരുന്നു എന്ന് ആക്ഷേപമുണ്ട്. അതു പരിശോധിക്കാന്‍ പൊലീസ് തയ്യാറാകണം. നടനെതിരെ കോണ്‍ഗ്രസിന്റെ വനിതാ പ്രവര്‍ത്തകര്‍ പരാതി നല്‍കും. സംഭവത്തില്‍ നടപടി ഉണ്ടാകുന്നില്ലെങ്കില്‍ നാളെ കേരളം അതിരൂക്ഷമായ സമരത്തെ കാണേണ്ടി വരുമെന്ന് സര്‍ക്കാരിനെ ഓര്‍മ്മിപ്പിക്കുകയാണെന്ന് സുധാകരന്‍ പറഞ്ഞു.
കോണ്‍ഗ്രസിന്റെ വികാരം മാത്രമല്ല, ഒരു നാടിന്റെ വികാരം, ജനതയുടെ വികാരമാണ് കൊച്ചിയില്‍ നടന്നത്. ആ വികാരം പ്രകടിപ്പിക്കാന്‍ ജനാധിപത്യരാജ്യത്ത് അവകാശമില്ലെങ്കില്‍ പിന്നെന്തിനാണ് അവകാശം?. ഇത്രയും കടുത്ത അനീതി കാണിക്കുന്ന സര്‍ക്കാരിനെതിരെ പ്രതിഷേധിക്കാന്‍ ഒരു മണിക്കൂര്‍ റോഡ് ബ്ലോക്കുചെയ്തുകൊണ്ടുള്ള സമരമൊക്കെ സ്വാഭാവികമാണ്.
നടന്‍ അസഭ്യം വിളിച്ചുപറഞ്ഞ്, മുണ്ടും മാടിക്കുത്തി തറ ഗുണ്ടയെപ്പോലെയാണ് സമരക്കാരോട് പെരുമാറിയത്. പ്രത്യേകിച്ചും സ്ത്രീകളോട്. വനിതകളോട് അപമര്യാദയായി പെരുമാറിയതിന് നടന്റെ പേരില്‍ പൊലീസ് നടപടി സ്വീകരിക്കണെന്ന് കെ സുധാകരന്‍ ആവശ്യപ്പെട്ടു.
അവസരം ഉണ്ടാക്കിയത് നടനല്ലേ ?
ജോജുവിന്റെ വാഹനം തകര്‍ത്തതിനെയും കെ സുധാകരന്‍ ന്യായീകരിച്ചു. തകര്‍ക്കാന്‍ അവസരം ഉണ്ടാക്കിയത് നടനല്ലേയെന്ന് സുധാകരന്‍ ചോദിച്ചു. തകര്‍ത്തത് സമരക്കാര്‍ക്ക് നേരെ ചീറിപ്പാഞ്ഞത് കൊണ്ടല്ലേ. മറ്റേതെങ്കിലും വാഹനത്തിന് നേര്‍ക്ക് അക്രമം ഉണ്ടായോ, എതെങ്കിലും വാഹനം കയ്യേറ്റം ചെയ്‌തോ?. അക്രമം നടത്തിയ അക്രമിയുടെ വാഹനം തകര്‍ത്തിട്ടുണ്ടെങ്കില്‍ അത് ജനരോഷത്തിന്റെ ഭാഗമല്ലേ?. സ്വാഭാവികമായ പ്രക്രിയയല്ലേയെന്നും, അതില്‍ എന്താണ് അത്ഭുതമെന്നും സുധാകരന്‍ ചോദിച്ചു.
വിലവര്‍ധനയ്‌ക്കെതിരെ രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിക്കേണ്ടേ?
ഇനിയെപ്പോഴാണ് സമരം നടത്തേണ്ടത്?. ഞങ്ങളോട് ജനം ചോദിക്കുന്നത് നിങ്ങളെന്താ പ്രതികരിക്കാത്തതെന്താണെന്ന്?. പ്രതിപക്ഷം പ്രതികരിക്കുന്നില്ലെന്ന് ജനം കുറ്റപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍, രാഷ്ട്രീയപാര്‍ട്ടികള്‍ പ്രതികരിക്കേണ്ടേ?. ഞങ്ങളുടെ അവകാശമല്ലേ അത്, സമാധാനപരമായി ഒരുമണിക്കൂര്‍ മാത്രമാണ് തങ്ങള്‍ സമരം നടത്തിയതെന്നും കെ സുധാകരന്‍ പറഞ്ഞു.
സമരത്തിൽ നാടകീയരംഗങ്ങൾ
ഇന്ധനവിലവര്‍ധനയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള ദേശീയ പാത ഉപരോധത്തിലാണ് നാടകീയരംഗങ്ങള്‍ ഉണ്ടായത് . വഴിതടയല്‍ സമരത്തിനെതിരെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തടഞ്ഞുനിര്‍ത്തുകയും ചില്ല് അടിച്ചുതകര്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായുള്ള സംഘര്‍ഷത്തിനിടെ, സിഐ വാഹനം ഓടിച്ചാണ് ജോജുവിനെ സ്ഥലത്ത് നിന്ന് രക്ഷിച്ചത്. ജനങ്ങളുടെ ഭാഗത്ത് നിന്ന് പ്രതിഷേധം ഉണ്ടായതോടെ കോണ്‍ഗ്രസ് സമരം പിന്‍വലിച്ചു. മദ്യപിച്ചെന്ന കോൺഗ്രസിന്റെ ആരോപണത്തെ്തതുടർന്ന് നടനെ പൊലീസ് വൈദ്യപരിശോധയ്ക്ക് വിധേയനാക്കുകയും ചെയ്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates