'സന്ധ്യയ്ക്ക് കൊടുത്ത സല്യൂട്ട് ജോജുവിനില്ലേ?'; ഷാഫിയോട് സോഷ്യല്‍ മീഡിയ

ജോജു ജോര്‍ജ്,ഷാഫിയുടെ പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് 
ജോജു ജോര്‍ജ്,ഷാഫിയുടെ പഴയ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട് 


കൊച്ചി: ഇന്ധന വില വര്‍ധനവിന് എതിരെ കോണ്‍ഗ്രസ് നടത്തിയ വഴിതടയല്‍ സമരത്തെ ചോദ്യം ചെയ്ത നടന്‍ ജോജു ജോര്‍ജിനെ ആക്രമിച്ച വിവാദത്തിന് പിന്നാലെ ഷാഫി പറമ്പില്‍ എംഎല്‍എയുടെ പഴയ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചര്‍ച്ചയാക്കി സൈബറിടങ്ങള്‍. സോളാര്‍ സമരത്തിനെതിരെ പ്രതികരിച്ച സന്ധ്യയെ പ്രശംസിച്ചുകൊണ്ടുള്ള പോസ്റ്റാണ് ചര്‍ച്ചയാക്കിയിരിക്കുന്നത് സമരത്തില്‍ നടന്ന അക്രമങ്ങളെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നതിന് പിന്നാലെയാണ് ഷാഫിയുടെ പഴയ പോസ്റ്റ് വിമര്‍ശകര്‍ ആയുധമാക്കിയത്. 

'പൊതുജനങ്ങളെ വഴിതടഞ്ഞുള്ള സമരത്തെ ചങ്കൂറ്റത്തോടെ എതിര്‍ത്ത ഈ സഹോദരിക്ക് അഭിനന്ദനങ്ങള്‍. ആശംസകള്‍. 1 ലൈക്ക്= 1 സല്യൂട്ട്..' എന്നാണ് ഷാഫി പറമ്പില്‍ 2013ല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. അന്ന് സിപിഎമ്മിന് അന്നുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി എന്ന നിലയിലായിരുന്നു സന്ധ്യയുടെ പ്രതിഷേധത്തെ കോണ്‍ഗ്രസ് ഉയര്‍ത്തി കാട്ടിയത്. 

സന്ധ്യയും ജോജുവും ചെയ്തത് ഒന്നുതന്നെയല്ലേയെന്നും ഇന്ന് സല്യൂട്ടും പിന്തുണയും കൊടുക്കുന്നില്ലേ എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ചോദിക്കുന്നത്. 

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് 

ദേശീയപാത ഉപരോധിച്ച് ഗതാഗത തടസം സൃഷ്ടിച്ചതിനും നടന്‍ ജോജുവിന്റെ കാര്‍ തല്ലിത്തകര്‍ത്തതിനും കോണ്‍ഗ്രസുകാര്‍ക്കെതിരെ കേസ്. അതേസമയം വനിതാപ്രവര്‍ത്തകരോട് മോശമായി പെരുമാറി എന്ന പരാതിയില്‍ നിലവില്‍ ജോജുവിനെതിരെ കേസെടുത്തിട്ടില്ല. വിശദമായ പരിശോധനകള്‍ക്ക് ശേഷം കേസെടുക്കാനാണ് പൊലീസിന്റെ തീരുമാനം. ദേശീയപാത ഉപരോധവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടനുമായുള്ള സംഘര്‍ഷത്തിന്റെ വീഡിയോ പരിശോധിക്കുമെന്ന് നേരത്തെ കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ അറിയിച്ചിരുന്നു.

ഇന്ന് രാവിലെയാണ് ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ദേശീയപാത ഉപരോധിച്ച് കൊണ്ടുള്ള കോണ്‍ഗ്രസ് സമരത്തില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. ദേശീയപാതയില്‍ പാലാരിവട്ടം മുതല്‍ വൈറ്റില വരെ ഗതാഗതകുരുക്ക് രൂക്ഷമായതോടെ പ്രതിഷേധവുമായി ജോജു രംഗത്തെത്തുകയായിരുന്നു. ഇത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ജോജുവുമായി വാക്കേറ്റത്തില്‍ കലാശിച്ചു. സംഘര്‍ഷത്തിനിടെ, കാറിന്റെ ചില്ല് തകര്‍ത്തുകയും ജോജുവിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും ചെയ്തു. കോണ്‍ഗ്രസിനെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ചേര്‍ന്ന് നാണം കെടുത്തുകയാണെന്ന് ജോജു ആരോപിച്ചു. ജോജു മദ്യപിച്ച് ബഹളം ഉണ്ടാക്കുകയും വനിതാ പ്രവര്‍ത്തകരോട് മോശമായി പെരുമാറിയതായും കോണ്‍ഗ്രസ് തിരിച്ചടിച്ചു.

ജോജുവിനെതിരെ കേസെടുത്തിട്ടില്ല

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ ജോജു മദ്യപിച്ചിട്ടില്ലെന്ന് തെളിഞ്ഞതായി പൊലീസ് അറിയിച്ചു. മരട് പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ജോജു മടങ്ങി. അതിനിടെ ജോജുവിന്റെ മാളയിലെ വീട്ടിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂത്ത് കോണ്‍ഗ്രസ് ആഹ്വാനം ചെയ്തു. ജോജുവിന്റെ മാളയിലെ വീടിന് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ് പൊലീസ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com