അമ്മ അറിയാതെ ദത്തുനല്‍കല്‍: അനുപമയുടെ അമ്മയ്ക്കും മറ്റു പ്രതികള്‍ക്കും മുന്‍കൂര്‍ ജാമ്യം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 06:05 PM  |  

Last Updated: 02nd November 2021 06:12 PM  |   A+A-   |  

adoption case

അനുപമ / ടെലിവിഷന്‍ ചിത്രം

 

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്തു കൊടുത്ത സംഭവത്തില്‍ അനുപമയുടെ അമ്മ അടക്കം അഞ്ചുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യംഅനുവദിച്ചത്. അറസ്റ്റ് ചെയ്യേണ്ടി വന്നാല്‍ ഒരു ലക്ഷം രൂപയുടെ ജാമ്യത്തില്‍ വിടണമെന്നും കോടതി നിര്‍ദേശിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയതിനും വ്യാജരേഖ ചമച്ചതിനും അന്വേഷണം തുടരുകയാണെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇവര്‍ക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. എന്നാല്‍ കുഞ്ഞിനെ സുരക്ഷിതമായി ഏല്‍പ്പിക്കുകയാണ്് ചെയ്തതെന്നാണ് പ്രതിഭാഗം വാദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനുപമയുടെ അമ്മ അടക്കം അഞ്ചുപേര്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. വാദത്തിനിടെ കേസ് ഡയറി ഉള്‍പ്പെടെ കോടതി വിളിച്ചു വരുത്തിയിരുന്നു. അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നീതിയുക്തമായ അന്വേഷണം വേണമെന്ന് കോടതി ഇന്നലെ പറഞ്ഞിരുന്നു.

ശിശുക്ഷേമ സമിതിയില്‍ കുട്ടി എങ്ങനെ എത്തിയെന്നതില്‍ വ്യക്തത വേണം. കുട്ടിയുടെ അമ്മയുടെ പരാതിയില്‍ വ്യക്തവരുത്താന്‍ ഡിഎന്‍എ പരിശോധന വരെ നടത്താന്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് അധികാരമുണ്ട്. സമഗ്രമായ അന്വേഷണം നടത്തി ഈ മാസം 20ന് റിപ്പോര്‍ട്ട് നല്‍കാനാണ് ഇന്നലെ കുടുംബ കോടതി സിഡബ്ല്യൂസിക്ക് നിര്‍ദ്ദേശം നല്‍കിയത്. പരാതിയില്‍ സമയോജിതമായി സര്‍ക്കാര്‍ ഇടപ്പെട്ടുവെന്ന് കോടതി പ്രശംസിച്ചു.

അമ്മ അറിയാതെ ദത്തുനല്‍കല്‍

കേസ് പരിഗണിച്ചപ്പോള്‍ ശിശുക്ഷേമ സമിതിയെ രൂക്ഷമായി കോടതി വിമര്‍ശിക്കുകയും ചെയ്തു. ദത്തെടുക്കലിനുള്ള ശിശുക്ഷേമ സമിതിയുടെ ലൈസന്‍സിന്റെ കാലാവധി കഴിഞ്ഞതാണെന്ന് കോടതി വിമര്‍ശിച്ചു. സമിതി ഹാജരാക്കിയ ലൈസന്‍സിന്റെ കാലാവധി ജൂണ്‍ 30ന് അവസാനിച്ചതാണെന്ന് കോടതി പറഞ്ഞു. ലൈസന്‍സ് പുതുക്കല്‍ നടപടികള്‍ നടന്നുവരുകയാണെന്ന് ശിശുക്ഷേമ സമിതിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ലൈസന്‍സ് പുതുക്കാനുള്ള നടപടിയുള്‍പ്പെടെ എല്ലാ കാര്യങ്ങളും വിശദമാക്കി സത്യവാങ്മൂലം നല്‍കണമെന്ന് ശിശുക്ഷേമ സമിതിക്കും നിര്‍ദ്ദേശം നല്‍കി.അനുപമയുടെ പരാതിയില്‍ സര്‍ക്കാര്‍ സമയോജിതമായി ഇടപെട്ടുവെന്നും കുടുംബ കോടതി നിരീക്ഷിച്ചു. ഈ മാസം 20ന് കേസ് വീണ്ടും പരിഗണിക്കും.