വൈറ്റില റോഡ്  ഉപരോധം; 15 നേതാക്കള്‍ക്കെതിരെ കേസ്;  മുഹമ്മദ് ഷിയാസ് ഒന്നാം പ്രതി; വിജെ പൗലോസും കൊടിക്കുന്നിലും പ്രതിപ്പട്ടികയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd November 2021 04:42 PM  |  

Last Updated: 02nd November 2021 04:42 PM  |   A+A-   |  

Allow_us_to

വൈറ്റിലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ റോഡ് ഉപരോധം

 


കൊച്ചി: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് വൈറ്റിലയിലെ റോഡ് ഉപരോധത്തില്‍ പങ്കെടുത്ത കൊടിക്കുന്നില്‍ സുരേഷ്, ടോണി ചമ്മിണി എന്നിവരടക്കം 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസ് എടുത്തു.  ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി.  വിജെ പൗലോസിനെ രണ്ടാം പ്രതിയും കൊടിക്കുന്നില്‍ സുരേഷിനെ മൂന്നാം പ്രതിയുമാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

അന്യായമായി സംഘം ചേരല്‍, മാര്‍ഗതടസം സൃഷ്ടിക്കല്‍, അനുമതിയില്ലാതെ റോഡ് ഉപരോധിക്കല്‍ തുടങ്ങി വിവിധ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്. അതേസമയം നടന്‍ ജോജു അപമര്യാദയായി പെരുമാറിയെന്ന മഹിളാ കോണ്‍ഗ്രസ് പരാതിയില്‍ ജോജുവിനെതിരെ പൊലീസ് കേസ് എടുത്തിട്ടില്ല.  

വിപി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗീസ്, ജോഷി പള്ളം, എന്‍ വേണുഗോപാല്‍ തുടങ്ങിയ 15 നേതാക്കള്‍ക്കെതിരെയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. ആക്രമിച്ചെന്ന ജോജുവിന്റെ പരാതിയില്‍ ഇന്നലെ എട്ടുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.