മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമ, സ്‌കൂളില്‍ പോകാന്‍ മടി; പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പീഡന പരാതി കള്ളക്കഥ

കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നു കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ആലപ്പുഴ: സ്‌കൂളില്‍നിന്നും മടങ്ങി വരുമ്പോള്‍ അഞ്ചുപേര്‍ ചേര്‍ന്ന് പീഡിപ്പിച്ചെന്ന പ്ലസ് ടു വിദ്യാര്‍ത്ഥിനിയുടെ പരാതി കള്ളമെന്ന് സൂചന. സ്‌കൂളില്‍ പോകാനുള്ള മടി കാരണം കുട്ടി കള്ളക്കഥ മെനഞ്ഞതാണെന്നാണ് പൊലീസിന്റെ നിഗമനം. നിരന്തരമായ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗത്തിലൂടെ പെണ്‍കുട്ടി മൊബൈല്‍ ഗെയിമുകള്‍ക്ക് അടിമയാണെന്ന് പൊലീസ് സൂചിപ്പിച്ചു. 

രണ്ടുവര്‍ഷമായി കുട്ടിയുടെ കൈയില്‍ എപ്പോഴും മൊബൈല്‍ ഉണ്ടായിരുന്നു. ഭക്ഷണം കഴിക്കുമ്പോഴും കിടക്കുമ്പോഴുമെല്ലാം മൊബൈല്‍ ഒപ്പമുണ്ട്. സ്‌കൂള്‍ തുറന്നതോടെ മൊബൈല്‍ കൈയില്‍ നിന്നു പോകുമെന്ന ചിന്ത കുട്ടിയെ അലട്ടിയിരുന്നെന്നാണ് കരുതുന്നത്. ഇതു വലിയ മാനസിക ആഘാതത്തിനു കാരണമായിട്ടുണ്ടാകാം. ഇതേത്തുടര്‍ന്ന് കുട്ടി പീഡനകഥ മെനഞ്ഞതെന്നാണ് കരുതുന്നത്.

സി സി ടി വി ദൃശ്യം ശേഖരിച്ചു

ക്ലാസ് തുടങ്ങുന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ തന്നെ ഇനി സ്‌കൂളില്‍ പോകുന്നില്ലെന്ന് കുട്ടി വീട്ടില്‍ പറഞ്ഞു. എന്നാല്‍, മൊബൈല്‍ തിരികെ നല്‍കി സ്‌കൂളിലേക്കു പോകാന്‍ വീട്ടുകാര്‍ ആവശ്യപ്പെട്ടു. സ്‌കൂള്‍ തുറന്ന ദിവസം തിരികെ വീട്ടിലേക്കു മടങ്ങി വരുമ്പോള്‍ അഞ്ചംഗ സംഘം പീഡിപ്പിച്ചെന്നാണ് കുട്ടി രക്ഷാകര്‍ത്താക്കളോടു പറഞ്ഞത്. 

തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കി. സംഭവസ്ഥലം പരിശോധിച്ച പോലീസ് സി സി ടി വി ദൃശ്യം ശേഖരിച്ചു. പ്രദേശവാസികളുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കുട്ടി പറഞ്ഞ ആളുകളെ ചോദ്യം ചെയ്തപ്പോള്‍ സംഭവ സമയത്ത് ഇവര്‍ സ്ഥലത്തില്ലായിരുന്നു എന്നു കണ്ടെത്തി. വൈദ്യ പരിശോധനയിലും പീഡനം നടന്നതിന്റെ തെളിവു ലഭിച്ചില്ല. പെണ്‍കുട്ടിയുടെ മൊഴിയിലെ വൈരുധ്യം തുടക്കത്തില്‍ തന്നെ ബോദ്യപ്പെട്ട പൊലീസ്, പരാതി ആരുടെയെങ്കിലും പ്രേരണയാല്‍ നല്‍കിയതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com