മരംമുറി ഉത്തരവ് മരവിപ്പിച്ചത് സര്‍ക്കാരിന്റെ കുറ്റസമ്മതം; ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെ സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 05:46 PM  |  

Last Updated: 07th November 2021 05:46 PM  |   A+A-   |  

judicial investigation

കെ സുധാകരൻ, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മരംമുറി ഉത്തരവ് മരവിപ്പിച്ചത് സര്‍ക്കാരിന്റെ കുറ്റസമ്മതമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. ജനങ്ങള്‍ക്കുമുന്നില്‍ കയ്യുംകെട്ടിനിന്ന് സര്‍ക്കാരിന് മറുപടി പറയേണ്ടിവരുമെന്നും സുധാകരന്‍ പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. 

മുല്ലപ്പെരിയാറില്‍ മരംമുറിക്കാന്‍ ഉത്തരവ് നല്‍കിയതു മുഖ്യമന്ത്രിയുടെ അറിവോടെ തന്നെയെന്ന് സുധാകരന്‍ ആരോപിച്ചു. സര്‍ക്കാര്‍ അറിയാതെയാണു മരം മുറിക്കാന്‍ അനുമതി കൊടുത്തത് എന്നു പറഞ്ഞാല്‍ അതു വിശ്വസിക്കാന്‍ കഴിയില്ല. എന്നാല്‍ മന്ത്രി അറിയാതെയാണെന്നു പറഞ്ഞാല്‍ അത് മനസ്സിലാവും. ആഭ്യന്തരവകുപ്പ് അറിയാതെ ഉത്തരവു നടപ്പാവില്ല. വകുപ്പു മന്ത്രി അറിയാതെയാണു പല തീരുമാനങ്ങളും ഉണ്ടാവുന്നത്. ആത്മാഭിമാനം ഉണ്ടെങ്കില്‍ മന്ത്രി രാജിവെയ്ക്കണമെന്നും കെ സുധാകരന്‍ ആവശ്യപ്പെട്ടു.

മരംമുറി ഉത്തരവ് മരവിപ്പിച്ചു

ഇക്കാര്യത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണം. മരം മുറിക്കുന്ന ഉത്തരവ് സംബന്ധിച്ച് എല്ലാ തെളിവുകളും കോണ്‍ഗ്രസിന്റെ പക്കലുണ്ട്. ഇത് ആവശ്യം വന്നാല്‍ വെളിപ്പെടുത്തും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 152 ആക്കുമെന്നാണ് തമിഴ്നാട് പറയുന്നത്. തമിഴ്നാടിനു കുടിവെള്ളമാണു പ്രശ്നമെങ്കില്‍ കേരളത്തിന് ഇതു നിലനില്‍പ്പിന്റെ പ്രശ്നമാണ്. മുല്ലപ്പെരിയാറില്‍ എന്തെങ്കിലും സംഭവിച്ചാല്‍ സംസ്ഥാനത്തെ നാല് ജില്ലകള്‍ തന്നെ വെള്ളത്തിനടിയിലാവും. സംസ്ഥാനത്തിന്റെ പൊതുതാല്‍പര്യമാണു സംരക്ഷിക്കപ്പെടേണ്ടത്. കേരളത്തിന്റെ നിലപാടുകളെ ഒറ്റുകൊടുക്കുകയാണു സര്‍ക്കാര്‍ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു.