മുഖ്യമന്ത്രി രാജിവച്ച് വാനപ്രസ്ഥത്തിന് പോകുന്നതാണ് നല്ലത്; സര്‍ക്കാരിന്റെത് നാടകം; കെ സുരേന്ദ്രന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th November 2021 05:23 PM  |  

Last Updated: 07th November 2021 05:23 PM  |   A+A-   |  

surendran

കെ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിക്കുന്നു/ ടെലിവിഷൻ ദൃശ്യം

 

കോഴിക്കോട്: മുല്ലപ്പെരിയാര്‍ ബേബി ഡാമിലെ മരം മുറിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ തിരുത്തിയതു പിടിക്കപ്പെട്ടപ്പോള്‍ തൊണ്ടി മുതല്‍ തിരിച്ചു നല്‍കിയ കള്ളനെ പോലെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മുഖ്യമന്ത്രി അറിയാതെ മരം മുറിക്കാനുള്ള അനുമതി  കൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു കഴിയില്ല. സര്‍ക്കാര്‍ നാടകം കളിച്ചു ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. 

സംസ്ഥാനത്തിന്റെ താത്പര്യത്തിനു വിരുദ്ധമായ ഉത്തരവ്, സര്‍ക്കാര്‍ അറിയാതെ ഇറക്കാന്‍ ഉദ്യോഗസ്ഥന്‍മാര്‍ക്കു സാധിക്കുന്നുണ്ടെങ്കില്‍ പിണറായി വിജയന്‍ രാജിവെച്ചു വാനപ്രസ്ഥത്തിനു പോവുന്നതാണു നല്ലത്. ഉദ്യോഗസ്ഥന്‍മാരാണ് ഉത്തരവിനു പിന്നിലെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാവണം. കേരളത്തിലെ ജനങ്ങളെ മറന്നാണു സര്‍ക്കാര്‍ ഈ ഉത്തരവ് ഇറക്കിയത്. നാടിനോടു ചെയ്ത ഏറ്റവും വലിയ ചതിയാണിത് സുരേന്ദ്രന്‍ പറഞ്ഞു.

വനംമന്ത്രി അറിയാതെയാണ് ഇതൊക്കെ നടന്നതെന്നു വിശ്വസിക്കാന്‍ അരിയാഹാരം കഴിക്കുന്നവര്‍ക്കാവില്ല. മുഖ്യമന്ത്രിയും വനംമന്ത്രിയും ഉരുണ്ടു കളിക്കുകയാണ്. ഉദ്യേഗസ്ഥരുടെ തലയില്‍ കെട്ടിവച്ചു രക്ഷപ്പെടാനുള്ള ശ്രമമാണു സര്‍ക്കാര്‍ നടത്തുന്നത്. മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിനു തിരിച്ചടിയാവുന്ന ഉത്തരവ് ഇറക്കിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.