ജോജുവിന്റെ കോലം കത്തിച്ച് പ്രതിഷേധം; 'പകരം ചോദിക്കും'; ടോണി ചമ്മിണി അടക്കമുള്ളവര്‍ കീഴടങ്ങി

 നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി
മുന്‍ മേയര്‍ ടോണി ചമ്മണി
മുന്‍ മേയര്‍ ടോണി ചമ്മണി

കൊച്ചി:  നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസിലെ പ്രതികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കീഴടങ്ങി. കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെയുള്ളവരാണ് കീഴടങ്ങിയത്. കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്ന മരട് പൊലീസ് സ്‌റ്റേഷനിലാണ് നേതാക്കള്‍ ഹാജരായത്.
നടന്‍ ജോജു സിപിഎമ്മിന്റെ ചട്ടുകമായി മാറിയെന്ന് ടോണി ചമ്മണി പറഞ്ഞു. പരാതി വ്യാജമാണ്. പ്രശ്‌നം ഒത്തുതീര്‍ക്കാനുള്ള ശ്രമം അട്ടിമറിച്ചത് സംവിധായകന്‍ ബി.ഉണ്ണിക്കൃഷ്ണനാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 

കള്ളക്കേസിന് പകരം ചോദിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. മരട് സ്‌റ്റേഷനിലേക്കുള്ള കോണ്‍ഗ്രസ് പ്രകടനം പൊലീസ് തടഞ്ഞു. വന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു കീഴടങ്ങല്‍.  നേരത്തേ ജോജുവുമായുള്ള ഒത്തുതീര്‍പ്പു ചര്‍ച്ച നടന്നേക്കുമെന്ന പ്രതീക്ഷയില്‍ പ്രതികളോടു കീഴടങ്ങാന്‍ നേതൃത്വം നിര്‍ദേശിച്ചിരുന്നു. ഇടതു നേതാക്കളുടെ ഇടപെടലില്‍ ഒത്തുതീര്‍പ്പു ചര്‍ച്ചയില്‍നിന്നു ജോജു പിന്മാറിയതോടെ കീഴടങ്ങാനുള്ള നിര്‍ദേശം പിന്‍വലിക്കുകയായിരുന്നു.

പ്രതികളെ അറസ്റ്റു ചെയ്യാന്‍ സര്‍ക്കാരില്‍നിന്നും സമ്മര്‍ദം ശക്തമായതോടെ പ്രതികളുടെ വീടുകളിലും പരിസരങ്ങളിലും പൊലീസ് പരിശോധന നടത്തി. ടെലിഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനകളിലും അറസ്റ്റു സാധ്യമായില്ല. പ്രതികള്‍ പലരും അറസ്റ്റ് മുന്‍കൂട്ടികണ്ട് ജില്ല വിട്ടിരുന്നു. എല്ലാവരോടും തിരികെ വന്നു കീഴടങ്ങാനാണ് പാര്‍ട്ടി നിര്‍ദേശിക്കുകയായിരുന്നു. ആരോഗ്യകാരണം പറഞ്ഞ് പിടികൊടുക്കുന്നത് ഒഴിവാക്കാനും ചിലരുടെ ഭാഗത്തുനിന്നു ശ്രമമുണ്ടായിട്ടുണ്ട്.

കേസില്‍ ഐഎന്‍ടിയുസി നേതാവ് ജോസഫ് ജോര്‍ജിനെയാണ് പൊലീസ് ആദ്യം അറസ്റ്റു ചെയ്തത്. പിന്നാലെ തൃക്കാക്കര കോണ്‍ഗ്രസ് മണ്ഡലം മുന്‍ പ്രസിഡന്റ് ഷെരീഫ് ബുഹാരിയെയും അറസ്റ്റു ചെയ്തു. ഇരുവരും നിലവില്‍ റിമാന്‍ഡിലാണ്. മുന്‍ മേയര്‍ ടോണി ചമ്മിണി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിമാരായ പി.വൈ.ഷാജഹാന്‍, മനു ജേക്കബ്, മണ്ഡലം പ്രസിഡന്റുമാരായ ജര്‍ജസ്, അരുണ്‍ വര്‍ഗീസ് എന്നിവരാണ് പിടിയിലായത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com