കടം വാങ്ങിയ പണം തിരികെ ചോദിച്ചു, വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊല്ലാൻ ശ്രമം; യുവതി അറസ്റ്റിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 06:56 AM  |  

Last Updated: 09th November 2021 06:56 AM  |   A+A-   |  

Police vehicle

പ്രതീകാത്മക ചിത്രം

 

മലപ്പുറം: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാ​​ഗ്യത്തിൽ വയോധികയെ കിണറ്റിൽ തള്ളിയിട്ട് കൊലപ്പെടുത്താൻ ശ്രമം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. എരവിമംഗലം പോത്തുകാട്ടിൽ മറിയംബീവിയെ (67) ആണ്  കടം നൽകിയ പണം തിരികെ ചോദിച്ചതിന്റെ പേരിൽ യുവതി കിണറ്റിൽ തള്ളിയിട്ടത്. 

സംഭവത്തിൽ മലപ്പുറം പെരിന്തല്‍മണ്ണ എരവിമംഗലം വീട്ടിക്കൽത്തൊടി പ്രമീള (44)യെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരമറിഞ്ഞെത്തിയ  അഗ്‌നിരക്ഷാസേനയും നാട്ടുകാരും ചേർന്നാണ് കിണറ്റില്‍ നിന്നും മറിയം ബീവിയെ രക്ഷപ്പെടുത്തിയത്. ശനിയാഴ്ച രാവിലെ എരവിമംഗലം മുത്തനാപറമ്പിലാണ് സംഭവം.

വീടു നന്നാക്കുന്നതിനും മറ്റുമായി ഒന്നരലക്ഷം രൂപയോളം മറിയം ബീവിയിൽ നിന്നും പ്രമീള വായ്പ വാങ്ങിയിരുന്നു. പണം തിരികെ ചോദിക്കുമ്പോൾ നൽകാമെന്ന് അവധി പറഞ്ഞ് ഒഴിയുകയായിരുന്നു. ശനിയാഴ്ച രാവിലെ പണം നൽകാമെന്ന് പറഞ്ഞ് സംഭവസ്ഥലത്തേക്ക് മറിയം ബീവിയെ എത്തിച്ചു.  

പണം ലഭിക്കുമെന്ന് വിശ്വസിച്ചെത്തിയ മറിയം ബീവിയെ കിണറിനടുത്തെത്തിയപ്പോൾ പ്രമീള തള്ളിയിടുകയായിരുന്നു. വയോധിക കിണറിന്റെ മോട്ടോർ കയറിൽ തൂങ്ങി നിന്നതോടെ കയർ മുറിക്കാനും പ്രതി ശ്രമിച്ചതായി പൊലീസ് പറയുന്നു.  പ്രമീളയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.