മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് റദ്ദാക്കാനാകുമോ?; സര്‍ക്കാര്‍ നിയമോപദേശം തേടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 11:44 AM  |  

Last Updated: 09th November 2021 11:44 AM  |   A+A-   |  

mullaperiyar dam

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ മരം മുറി ഉത്തരവ് റദ്ദാക്കാനാകുമോയെന്ന് സര്‍ക്കാര്‍ നിയമോപദേശം തേടി. അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശത്തിന് ശേഷമാകും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുന്നത് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കുക. വിവാദ ഉത്തരവ് താല്‍ക്കാലികമായി മാറ്റിവെച്ചിരിക്കുന്നു എന്ന് വ്യക്തമാക്കി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇന്നലെ പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 

വിവാദ ഉത്തരവ് തല്‍ക്കാലം നടപടി വേണ്ടെന്ന് തീരുമാനിച്ച് മാറ്റിവെച്ചിരിക്കുകയാണ്. ഇത് പൂര്‍ണമായും റദ്ദാക്കാനാകുമോ എന്നാണ് സര്‍ക്കാര്‍ എജിയോട് ചോദിച്ചിട്ടുള്ളത്. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള വിഷയം ആയതിനാല്‍ കൂടി സൂക്ഷ്മതയോടെ നീങ്ങാനാണ് സര്‍ക്കാര്‍ തീരുമാനം. യോഗം ചേരാനും വിവാദ ഉത്തരവ് പുറത്തിറക്കാനും കാരണം സുപ്രീംകോടതി ഉത്തരവാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. 

വിവാദ ഉത്തരവിന്റെ പേരില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനെതിരെ മാത്രം നടപടി സ്വീകരിച്ചാല്‍ നിയമപരമായി ചോദ്യം ചെയ്യപ്പെടുമോ എന്നതും സര്‍ക്കാര്‍ പരിശോധിക്കുകയാണ്. വിവാദ ഉത്തരവില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ നിയമസഭയെ അറിയിച്ചിരുന്നു. 

അതേസമയം, യോഗം ചേരാനുണ്ടായ കാരണം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ട് ജലവിഭവ, വനംവകുപ്പ് സെക്രട്ടറിമാരോട് സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ജലവിഭവവകുപ്പ് സെക്രട്ടറി വിളിച്ച യോഗത്തില്‍ തീരുമാനിച്ചെന്നാണ് വനംവകുപ്പ് നിലപാട്. ഉത്തരവിറക്കിയതില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.