ഡോക്ടറേറ്റ് ലഭിച്ചത് കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്ന്, വിയറ്റ്നാമിൽ നിന്നല്ല; മുൻ നിലപാട് തിരുത്തി ഷാഹിദാ കമാൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 08:37 AM  |  

Last Updated: 09th November 2021 08:44 AM  |   A+A-   |  

shahida kamal

ഷാഹിദ കമാല്‍ /ഫയല്‍ ചിത്രം

 

തിരുവനന്തപുരം: വ്യാജഡോക്ടറേറ്റ് ആരോപണത്തിൽ വീണ്ടും തിരുത്തുമായി വനിതാ കമ്മീഷൻ അം​ഗം ഷാഹിദാ കമാൽ. കസാഖിസ്ഥാൻ സർവകലാശാലയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് ഷാഹിദയുടെ പുതിയ വിശദീകരണം. വ്യാജഡോക്ടറേറ്റുമായി ബന്ധപ്പെട്ട പരാതിയിൽ ലോകായുക്തയിൽ നൽകിയ വിശദീകരണത്തിലാണ് ഷാഹിദ മുൻ നിലപാട് തിരുത്തിയത്. 

കസാക്കിസ്ഥാനിലെ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ഡോക്ടറേറ്റ് ലഭിച്ചത്. കോംപ്ലിമെന്ററി മെഡിസിനിൽ ആണ് ഡോക്ടറേറ്റ് ലഭിച്ചത്.   സാമൂഹിക രംഗത്തെ മികച്ച പ്രവർത്തനങ്ങൾക്ക് ലഭിച്ച ഓണററി ഡോക്ടറേറ്റ് ആണിതെന്നാണ് ഷാഹിദയുടെ വിശദീകരണം.  വിയറ്റ്നാം സര്‍വകലാശാലയില്‍നിന്ന് ഡോക്ടറേറ്റ് ലഭിച്ചു എന്നായിരുന്നു മുന്‍ നിലപാട്.

ഡി​ഗ്രി നേടിയത് കേരള സർവകലാശാലയിൽ നിന്നല്ലെന്ന് തിരുത്ത്

ബിരുദം നേടിയത് കേരള സർവകലാശാലയിൽ നിന്നാണെന്ന മുൻ വാദവും തിരുത്തിയിട്ടുണ്ട്. 2016-ൽ അണ്ണാമലൈ സർവകലാശാലയിൽ നിന്നാണ് ബിരുദം നേടിയതെന്നാണ്  ഷാഹി​ദയുടെ  പുതിയ വിശദീകരണം. തെരഞ്ഞെടുപ്പ് കമ്മിഷനില്‍ നല്‍കിയ സത്യവാങ്മൂലത്തിലും പിഴവ് പറ്റിയെന്നും ഷാഹിദാ കമാല്‍ വിശദീകരണത്തില്‍ സമ്മതിക്കുന്നു.   കേരള സർവ്വകലാശാലയിൽ നിന്നും ഡിഗ്രിയുണ്ടെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷനിൽ നൽകിയ രേഖ. 

 2009 ല്‍ കാസര്‍കോട് ലോക്സഭാ സീറ്റിലും 2011 ല്‍ ചടയമംഗലം നിയമസഭാ സീറ്റിലും മല്‍സരിച്ചപ്പോള്‍ നലല്‍കിയ സത്യവാങ്മൂലത്തില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ലഭിച്ച ബിരുദമാണ് വിദ്യാഭ്യാസ യോഗ്യതയായി ചൂണ്ടികാണിച്ചിരിക്കുന്നത്. ഇതില്‍ പിഴവു പറ്റിയെന്നും ലോകായുക്തയ്ക്ക് നല്‍കിയ വിശദീകരണത്തില്‍ ഷാഹിദാകമാല്‍ പറയുന്നു.

ഷാഹിദാ കമാലിനു ഡോക്ടറേറ്റും ബിരുദവും ഇല്ലെന്നാരോപിച്ച് വിവരാവകാശ പ്രവര്‍ത്തക അഖിലാ ഖാന്‍ നല്‍കിയ ഹര്‍ജിയില്‍ വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചു വിശദീകരണം നല്‍കാന്‍ ലോകായുക്ത നിര്‍ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചു നല്‍കിയ സത്യവാങ്മൂലത്തിലാണ് വിദ്യാഭ്യാസ യോഗ്യത സംബന്ധിച്ചുള്ള ഷാഹിദാ കമാലിന്‍റെ വിശദീകരണം. ഷാഹി​ദ കമാൽ വ്യാജ വിദ്യാഭ്യാസ രേഖകള്‍ സമർപ്പിച്ചുവെന്നായിരുന്നു ഹർജി. 

വ്യാജരേഖകളുടെ പിന്‍ബലത്തിൽ ഇല്ലാത്ത വിദ്യാഭ്യാസ യോഗ്യത അവകാശപ്പെട്ട് സര്‍ക്കാരിനെയും ജനങ്ങളെയും ഷാഹിദ കമാൽ പറ്റിക്കുന്നുവെന്ന് ആരോപിച്ച്  അഖില ഖാൻ ഡിജിപിക്കും പരാതി നൽകിയിരുന്നു. 1987–90 കാലത്ത് അഞ്ചല്‍ സെന്‍റ്ജോണ്‍സ് കോളജില്‍ പഠിച്ച ഷാഹിദ ബികോം പാസായിട്ടില്ലെന്നും , കേരള യൂണിവേഴ്സിറ്റിയില്‍ നിന്നും ലഭിച്ച വിവരാവകാശ മറുപടിയില്‍ ഇക്കാര്യം ഉണ്ടെന്നും അഖില ഖാൻ പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. വിദ്യാഭ്യാസ യോഗ്യത ബികോം എന്നാണ് വനിതാ കമ്മീഷൻ അംഗമാകാൻ  2017നൽകിയ ബയോ ഡേറ്റയിൽ  ഷാഹിദ നൽകിയിരിക്കുന്നത്.  

‘സാമൂഹിക പ്രതിബദ്ധതയും സ്ത്രീശാക്തീകരണവും’ എന്ന വിഷയത്തിൽ പിഎച്ച്ഡി കിട്ടിയെന്ന് അവകാശപ്പെട്ട് 2018 ജൂലൈ 30ന് ഷാഹിദ ഫെയ്സ്ബു‍ക് പോസ്റ്റിട്ടിരുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ പേരിൽ വിവാദമുയർന്നപ്പോൾ, ‍ഫെ‍യ്സ്ബുക്കിലൂടെ വിശദീകരണവുമായി എത്തിയ ഷാഹിദ, തനിക്ക് ഇന്റർനാഷനൽ ഓ‍പ്പൺ യൂണിവേഴ്സിറ്റിയിൽനിന്നു ഡി–ലിറ്റ് ലഭിച്ചതായും വെളിപ്പെടുത്തിയിരുന്നു.