ചക്രവാതച്ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറും; സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 07:56 AM  |  

Last Updated: 09th November 2021 07:56 AM  |   A+A-   |  

heavy rain alert in kerala

ഫയല്‍ ചിത്രം

 

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. ആലപ്പുഴ, കണ്ണൂര്‍, കാസര്‍കോട് എന്നിവ ഒഴിയെയുള്ള ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുള്ളത്. തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു സമീപം സ്ഥിതി ചെയ്യുന്ന ചക്രവാത ചുഴി ഇന്ന് ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്നും കാലാവസ്ഥ ഗവേഷണകേന്ദ്രം സൂചിപ്പിച്ചു. 

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും, വ്യാഴാഴ്ച 20 സെന്റിമീറ്റര്‍ വരെയുള്ള തീവ്ര മഴയ്ക്കും സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലിലെ  ന്യൂനമര്‍ദ്ദം തീവ്ര ന്യുനമര്‍ദ്ദമായി മാറിയതോടെയാണ് സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിച്ചത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും യെല്ലോ അലര്‍ട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ഒഴിച്ചുള്ള 12 ജില്ലകളില്‍ വ്യാഴാഴ്ചയും മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. 

മധ്യ കിഴക്കന്‍ അറബിക്കടലിലെ  തീവ്ര ന്യുന മര്‍ദ്ദം പടിഞ്ഞാറ്- വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച് ഇന്ന് ശക്തി കുറഞ്ഞു ന്യുന മര്‍ദ്ദമായി മാറുമെന്നാണ് വിലയിരുത്തല്‍. ഇന്ത്യന്‍ തീരത്ത് നിന്ന് അകന്നു പോകാന്‍ സാധ്യതയുള്ളതിനാല്‍  ഇന്ത്യന്‍ തീരത്തെ ബാധിക്കാന്‍ സാധ്യതയില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ചക്രവാത ചുഴി നിലനില്‍ക്കുന്നു


തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലിനു സമീപം ചക്രവാത ചുഴി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറില്‍ ഇത് തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍  ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ട്. തുടര്‍ന്ന് കൂടുതല്‍ ശക്തി പ്രാപിച്ച് തീവ്ര ന്യുനമര്‍ദ്ദമായി പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറു ദിശയില്‍ സഞ്ചരിച്ച്  നവംബര്‍ 11 ന്  തമിഴ് നാടിന്റെ വടക്കന്‍ തീരത്ത് പ്രവേശിച്ചേക്കും. ന്യുന മര്‍ദ്ദ സ്വാധീനഫലമായി കേരളത്തില്‍ നവംബര്‍ 10, 11 തീയതികളില്‍ ഒറ്റപ്പെട്ട അതി ശക്തമായ മഴക്ക്  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കടലിൽ പോകരുത്

അറബിക്കടലില്‍  തീവ്ര ന്യുനമര്‍ദ്ദം നിലനില്‍ക്കുന്നതിനാല്‍  മധ്യകിഴക്കന്‍ അറബിക്കടലിലും അതിനോട് ചേര്‍ന്നുള്ള മധ്യ പടിഞ്ഞാറന്‍ അറബിക്കടലിലും നവംബര്‍ 9  വരെ മത്സ്യത്തൊഴിലാളികള്‍ മത്സ്യബന്ധനത്തിന്ന് പോകാന്‍ പാടുള്ളതല്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ചക്രവാത ചുഴി നിലനില്‍ക്കുന്നതിനാല്‍  നിലവില്‍  ആഴക്കടലില്‍ മത്സ്യബന്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മത്സ്യത്തൊഴിലാളികള്‍ തീരത്തേക്ക്  മടങ്ങി വരേണ്ടതാണ്. 

മാത്രമല്ല നവംബര്‍ 9,10 ദിവസങ്ങളില്‍ തെക്കു കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും നവംബര്‍ 10, 11 ദിവസങ്ങളില്‍ തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉല്‍കടലിലും വടക്കു തമിഴ്‌നാട്ആന്ധ്രാ തീരങ്ങളിലും മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.