വെള്ളക്കടലാസ് ചോദിച്ചപ്പോൾ പുറത്തു പോയി വാങ്ങാൻ മറുപടി; ഒരു ബണ്ടിൽ പേപ്പർ എത്തിച്ച് പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th November 2021 11:03 AM  |  

Last Updated: 09th November 2021 11:03 AM  |   A+A-   |  

salim

ഫോട്ടോ: ഫെയ്സ്ബുക്ക്

 

പാലക്കാട്: മെഡിക്കൽ സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ ഓഫീസിൽ നിന്ന് എ ഫോർ ഷീറ്റ് ചോദിച്ച, ഭിന്നശേഷിക്കാരനായ പഞ്ചായത്ത് പ്രസിഡന്റിന്റെ സഹായിയെ മടക്കി അയച്ചു. കിടപ്പു രോഗിക്കു വേണ്ടിയാണ് സർട്ടിഫിക്കറ്റിന് അപേക്ഷ നൽകാൻ എ ഫോർ ഷീറ്റ് ചോദിച്ചത്. എന്നാൽ പുറത്ത് പോയി പേപ്പർ വാങ്ങാനായിരുന്നു അധികൃതരുടെ മറുപടി. 

ഇതിന് പിന്നാലെ തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെപിഎം സലീം വേറിട്ട പ്രതിഷേധവുമായി രം​ഗത്തെത്തി. പേപ്പറില്ലെന്ന് പറഞ്ഞ ഓഫീസിലേക്ക് പ്രസിഡന്റ് ഒരു ബണ്ടിൽ പേപ്പറും 20 പേനകളും എത്തിച്ചു നൽകി.  

പ്രസിഡന്റ് കെപിഎം സലീം കിടപ്പു രോഗിയുടെ മെഡിക്കൽ ബോർഡിനുള്ള സർട്ടിഫിക്കറ്റുകൾക്കായാണ് ആശുപത്രിയിൽ എത്തിയത്. ഓഫീസ് മുകളിലത്തെ നിലയിലായാതിനാൽ രേഖകളുമായി ഡ്രൈവറെ ഓഫീസിലേക്കു പറഞ്ഞുവിട്ടു. അപേക്ഷ നൽകണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഡ്രൈവർ ഒരു എ ഫോർ ഷീറ്റ് ചോദിച്ചു. അത് നിങ്ങൾ പുറത്തുപോയി വാങ്ങണമെന്നായിരുന്നു ഓഫീസിലുണ്ടായിരുന്നവരുടെ മറുപടി. 

ഇതിൽ പ്രതിഷേധിച്ചാണ് പ്രസി‍ഡന്റ് പേപ്പറും പേനയും എത്തിച്ചത്. സാധാരണക്കാരോടും ഭിന്നശേഷിക്കാരോടുമൊക്കെ സർക്കാർ സംവിധാനങ്ങൾ എത്ര മോശമായാണു പെരുമാറുന്നതെന്നതിന് തെളിവാണ് തനിക്കുണ്ടായ അനുഭവമെന്ന് സലീം പറഞ്ഞു. ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കാനാണു തന്റെ വേറിട്ട പ്രതിഷേധമെന്നും അദ്ദേഹം വ്യക്തമാക്കി.