ഇന്ധന വില വര്‍ധന: കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന്; 18 ന് 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 02:30 PM  |  

Last Updated: 10th November 2021 02:30 PM  |   A+A-   |  

k_sudhakaran

കെ സുധാകരന്‍ / ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ഇന്ധന നികുതി കുറയ്ക്കാത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന വ്യാപക പ്രതിഷേധത്തിന്. ഈ മാസം 18 ന് 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിക്കും. സെക്രട്ടേറിയറ്റ് മുതല്‍ രാജ്ഭവന്‍ വരെ മനുഷ്യച്ചങ്ങല സംഘടിപ്പിക്കും. സാമൂഹ്യ-സാസ്‌കാരിക മേഖലയിലുള്ളവരെ സമരത്തില്‍ പങ്കെടുപ്പിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. 

മുല്ലപ്പെരിയാര്‍ മരംമുറിയുമായി ബന്ധപ്പെട്ട ഉത്തരവില്‍ മുഖ്യമന്ത്രി കളവ് പറയുകയാണ്. എല്ലാ തെളിവുകളും ഓരോ ദിവസവും പുറത്ത് വരുന്നു. വനംമന്ത്രിക്ക് മാനവും നാണവുമില്ലേയെന്ന് സുധാകരന്‍ ചോദിച്ചു. നട്ടെല്ലുണ്ടെങ്കില്‍ മന്ത്രി രാജി വയ്ക്കണമെന്നും കെപിസിസി പ്രസിഡന്റ് ആവശ്യപ്പെട്ടു.

കെ റെയിലില്‍ പദ്ധതിയില്‍ സര്‍ക്കാര്‍ ഹിത പരിശോധന നടത്തണം. ഹിതപരിശോധന നടത്തിയാല്‍ 85 ശതമാനും പേരും എതിര്‍ക്കും. കെ റെയില്‍ ഖജനാവ് കൊള്ളയടിക്കാന്‍ ഉള്ള പദ്ധതിയാണ്. പുന:സംഘടനയുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമെന്നും ഇക്കാര്യം ഭാരവാഹി യോഗത്തില്‍ ഏകകണ്ഠമായി തീരുമാനമെടുത്തതാണെന്നും കെ സുധാകരന്‍ പറഞ്ഞു.