'കണ്ണേ കരളേ പിണറായി പൊലീസേ...'; അവയവ ദാന സമ്മതപത്രം നല്‍കി മുഴുവന്‍ അംഗങ്ങളും, മാതൃകയായി മുഖ്യമന്ത്രിയുടെ 'സ്വന്തം' പൊലീസ് സ്റ്റേഷന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 05:41 PM  |  

Last Updated: 11th November 2021 05:46 PM  |   A+A-   |  

PINARAYI_POLICE

അവയവ ദാന സമ്മതപത്ര ദാന ചടങ്ങ്‌


വയവ ദാനത്തെക്കുറിച്ച് ഇന്നും നമ്മുടെ സമൂഹത്തില്‍ ഒരുപാട് അബദ്ധധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അത്തരം ചിന്തകള്‍ക്ക് എതിരെ ശക്തമായ സന്ദേശം നല്‍കിയിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നാടായ പിണറായിയിലെ പൊലീസ് സ്റ്റേഷന്‍. പിണറായി പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ അംഗങ്ങളും അവയവ ദാന സമ്മതപത്രം നല്‍കിയിരിക്കുകയാണ്. ജനങ്ങളുടെ ജീവനും ജീവിതത്തിനും സംരക്ഷണം നല്‍കുന്ന പൊലീസിന്റെ വലിയൊരു കാല്‍വെയ്പ്പ്. കേരളത്തില്‍ ആദ്യമായാണ് ഒരു പൊലീസ് സ്റ്റേഷനിലെ മുഴുവന്‍ അംഗങ്ങളും അവയവദാന സമ്മതപത്രം നല്‍കുന്നത്. പ്രചോദനമായത് ആദ്യ പോസ്റ്റിങ്ങില്‍ എത്തിയ വനിതാ എസ്‌ഐ ഇ കെ രമ്യയുടെ ഒരു 'പ്ലസ് ടു കഥയും'.

കഥ ഇങ്ങനെയാണ്, സ്റ്റേഷനില്‍ അവയവ ദാനത്തെക്കുറിച്ച് ചര്‍ച്ച നടക്കുന്നു. അപ്പോഴാണ് എസ്‌ഐ രമ്യ, താന്‍ പ്ലസ് ടുവില്‍ പഠിക്കുന്ന സമയത്ത് തന്നെ കണ്ണുകള്‍ ദാനം ചെയ്യാന്‍ തീരുമാനിച്ചിരുന്ന വിവരം സഹപ്രവര്‍ത്തകരോട് പങ്കുവയ്ക്കുന്നത്. എന്നാല്‍പ്പിന്നെ നമുക്കെല്ലാവര്‍ക്കും അതങ്ങ് ചെയ്താല്‍ എന്തെന്നായി പൊലീസുകാരുടെ അടുത്ത ചിന്ത. 

പിന്നെ വൈകിയില്ല, സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയിലേക്ക് 35 അംഗങ്ങള്‍ സമ്മതപത്രം എഴുതി നല്‍കി. അത് ഏറ്റുവാങ്ങാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ എത്തുകയും ചെയ്തു. മാതൃകാപരമായ ചുവടുവയ്പ്പ് നടത്തിയപ്പോള്‍ മുഖ്യമന്ത്രിക്കും സന്തോഷമായെന്ന് എസ് ഐ രമ്യ പറയുന്നു. ഒക്ടോബര്‍ 30ന് ആയിരുന്നു ചടങ്ങ്. 

ബന്ധുക്കള്‍ 'പിണങ്ങി' 

'സംഭവം പുറത്തറിഞ്ഞപ്പോള്‍ ബന്ധുക്കള്‍ പിണങ്ങി. തങ്ങളെക്കൂടി അറിയിച്ചിരുന്നെങ്കില്‍ തങ്ങളും സമ്മതപത്രം നല്‍കിയേനെ എന്നാണ് അവരൊക്കെ പറഞ്ഞത്. നാട്ടുകാരും വലിയ പിന്തുണയാണ് നല്‍കിയത്. ചിലര്‍ തങ്ങള്‍ക്കും സമ്മതപത്രം നല്‍കണമെന്ന് പറഞ്ഞ് തിരക്കിയെത്തി'- രമ്യ പറഞ്ഞു. 

അഞ്ച് ഗ്രേഡ് എസ്‌ഐ, പത്ത് എഎസ്‌ഐ, രണ്ട് വനിതാ പൊലീസ്, രണ്ട് ഡ്രൈവര്‍ ഉള്‍പ്പെടെ 35 പേരാണ് സമ്മതപത്രം നല്‍കിയത്. മാതൃകാപരമായ ചുവടുവയ്പ്പ് സമൂഹം ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ഈ പൊലീസുകാര്‍. അവയവദാനത്തെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിദ്ധാരണകള്‍ നീക്കാനുള്ള ക്യാമ്പയിനുകള്‍ കൂടുതല്‍ സംഘടിപ്പിക്കാനാണ് ശ്രമമെന്നും എസ്‌ഐ രമ്യ കൂട്ടിച്ചേര്‍ത്തു.