മേലുദ്യോഗസ്ഥനോട്‌ വ്യക്തി വൈരാഗ്യം, സിഗ്നല്‍ വയര്‍ മുറിച്ചു മാറ്റിയ രണ്ട് ജീവനക്കാരെ റെയില്‍വേ പിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:22 AM  |  

Last Updated: 11th November 2021 07:28 AM  |   A+A-   |  

indian railway

പ്രതീകാത്മക ചിത്രം


കണ്ണൂർ: സിഗ്നൽ വയറുകൾ മുറിച്ച് മാറ്റിയ സംഭവത്തിൽ സിഗ്നൽ വിഭാഗത്തിലെ രണ്ട് സാങ്കേതിക ജീവനക്കാരെ റെയിൽവേ പിരിച്ചുവിട്ടു. മേലുദ്യോഗസ്ഥനോടുള്ള വ്യക്തിവൈരാഗ്യത്താലാണ് സി​​ഗ്നൽ വയറുകൾ മുറിച്ച് കളഞ്ഞത്. ഫറോക്ക് സ്റ്റേഷനിലെ ജോലിക്കാരായ കക്കോടി സ്വദേശി പ്രവീൺരാജ് (34), സുൽത്താൻബത്തേരി കോട്ടൂർ ജിനേഷ് (33) എന്നിവരെയാണ് നടപടി. 

2021 മാർച്ച് 24-നാണ് സംഭവം. ആദ്യ നടപടിയുടെ ഭാ​ഗമായി ഇവരെ മംഗളൂരു, പാലക്കാട് എന്നിവിടങ്ങളിലേക്ക് മാറ്റി. മദ്യപിച്ചതിനെത്തുടർന്ന് പറ്റിപ്പോയതാണ് എന്നെല്ലാമായിരുന്നു ഇവരുടെ വാദങ്ങൾ. എന്നാൽ റെയിൽവേ ഇതെല്ലാം തള്ളി. ഫറോക്കിനും വെള്ളയിലിനുമിടയിൽ റെയിൽവേ പാളത്തിൽ അഞ്ചിടത്ത് ഇവർ സിഗ്നൽ ബോക്സിലെ വയറുകൾ മുറിച്ചിട്ടു. 

പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നല്‍

പച്ച സിഗ്‌നലിന് പകരം മഞ്ഞ സിഗ്‌നലാക്കിയും വെച്ചു. സിഗ്നൽ തകരാർ കാരണം കോഴിക്കോട്, ഫറോക്ക്, വെള്ളയിൽ പരിധിയിൽ ചരക്കുവണ്ടികൾ ഉൾപ്പെടെ 13 വണ്ടികൾ വൈകി. വിദഗ്ധ പരിശീലനം നേടിയവർക്ക് മാത്രമേ സിഗ്നൽ കമ്പികൾ മുറിച്ചുമാറ്റാൻ കഴിയൂവെന്ന് ആർപിഎഫ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.

സാക്ഷിമൊഴിയും സിസിടിവി ദൃശ്യങ്ങളും പരി​ഗണിച്ചപ്പോൾ പ്രതികൾ റെയിൽവേയിലെ ആൾക്കാർ തന്നെ എന്നു മനസ്സിലായി. പിന്നാലെ കോഴിക്കോട് സീനിയർ സെക്‌ഷൻ എൻജിനീയറോടുള്ള (സിഗ്‌നൽ) വിരോധം തീർക്കാനാണ് സിഗ്‌നൽ മുറിച്ചതെന്ന് പ്രതികൾ സമ്മതിച്ചു. യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചുവെന്നും മനപ്പൂർവം സിഗ്നൽ സംവിധാനം കേട് വരുത്തിയെന്നുമാണ് ഇവർക്കെതിരായ കുറ്റങ്ങൾ.