'അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു..'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th November 2021 07:35 AM  |  

Last Updated: 11th November 2021 07:35 AM  |   A+A-   |  

shafi parambil

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആവിഷ്‌കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റത്തെ ശക്തമായി നേരിടുമെന്നും, സിനിമ  ചിത്രീകരണം നടക്കുന്നിടത്ത് കടന്നുചെന്ന് അക്രമം കാണിക്കുകയും, ക്രമസമാധാനപ്രശ്‌നം സൃഷ്ടിക്കുകയും ചെയ്യുന്നത് ഫാസിസ്റ്റു മനോഭാവമാണെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനക്കെതിരെ യൂത്ത് കോണ്‍ഗ്രസ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ലെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു. 

ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ? മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു.. എഴുത്തുകാരന്‍ സക്കറിയയെ DYfI ക്കാര്‍ തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത്. ഷാഫി കുറിപ്പില്‍ പറയുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം: 

ആവിഷ്‌ക്കാര സ്വാതന്ത്ര്യ സംരക്ഷണത്തിന് മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും ക്ലാസ്സ് യൂത്ത് കോണ്‍ഗ്രസ്സിന് ആവശ്യമില്ല. ലഖിംപൂര്‍ ഖേരിയില്‍ നിരവധി കര്‍ഷകരെ വാഹനം കയറ്റി കൊന്ന കേന്ദ്രമന്ത്രിപുത്രനെയും മന്ത്രിയേയും സംരക്ഷിക്കുന്ന ബിജെപി നിലപാടിനെ ഫാസിസമെന്ന് വിളിക്കുന്നത് പോയിട്ട് ഒരു വരിയില്‍ അപലപിക്കുവാന്‍ പോലും തയ്യാറാകാതിരുന്ന മുഖ്യമന്ത്രി ഒരു പ്രാദേശിക പ്രതിഷേധത്തെ ഫാസിസമെന്ന് വിളിക്കുന്നത് ആരെ സഹായിക്കാനാണ് ? 

മറ്റാരെയെങ്കിലും ഫാസിസ്റ്റ് എന്ന് വിളിക്കുന്നതിന് മുന്‍പ് മുഖ്യമന്ത്രി കണ്ണാടി നോക്കേണ്ടിയിരിക്കുന്നു.അങ്ങയുടെ വാക്കുകള്‍ അങ്ങയെ തന്നെ ഓര്‍മ്മപ്പെടുത്തുന്നു..വിയോജിപ്പുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കില്ല എന്നത് ഫാസിസം തന്നെയാണ്. 

ടി പി  51 വെട്ടും , ലെഫ്റ്റ് റൈറ്റ് ലെഫ്റ്റും , ഈടയുമെല്ലാം കേരളത്തിലെ തിയ്യറ്ററുകളില്‍ ബിഗ്‌സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുവാന്‍ അവസരമില്ലാതാക്കിയത് ആരുടെ ഭീഷണി മൂലം ആയിരുന്നു എന്ന് കേരളത്തിന് അറിയാം.

എഴുത്തുകാരന്‍ ശ്രീ പോള്‍ സക്കറിയയെ DYfI ക്കാര്‍ തല്ലിയത് ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പായിരുന്നു എന്ന് ഇപ്പോഴാണ് മനസ്സിലായത് .കലാസാംസ്‌ക്കാരികസാഹിത്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ യൂത്ത് കോണ്‍ഗ്രസ്സ് ആദരവോടെയാണ് കണ്ടിട്ടുള്ളത്.അതിനിയും തുടരും.

കേരളത്തിലെ സിനിമാ മേഖലയോട് യൂത്ത് കോണ്‍ഗ്രസ്സിന് ഒരു പ്രശ്‌നവുമില്ല. മുല്ലപ്പെരിയാര്‍ മരംമുറി,ദീപാ മോഹന്‍ നേരിടേണ്ടി വന്ന ജാതി വിവേചനം,സംസ്ഥാനത്തെ ഇന്ധന നികുതി ഭീകരത തുടങ്ങി ജനകീയ പ്രശ്‌നങ്ങളിലെല്ലാം മൗനത്തിലായ മുഖ്യമന്ത്രിക്ക് പ്രതികരണ ശേഷി തിരിച്ച് കിട്ടിയതില്‍ സന്തോഷം.