കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th November 2021 01:20 PM  |  

Last Updated: 12th November 2021 01:20 PM  |   A+A-   |  

kerala rain today

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി നാളെയും മറ്റന്നാളും സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. നാളെ മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ആറു ജില്ലകളിലും ഞായറാഴ്ച അഞ്ചുജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ്   ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 

ബംഗാള്‍ ഉള്‍ക്കടലില്‍ നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ ആന്‍ഡമാന്‍ കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം തുടര്‍ന്നുള്ള 48 മണിക്കൂറില്‍ കൂടുതല്‍ ശക്തി പ്രാപിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ വരും ദിവസങ്ങളില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.

ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം

ശനിയാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയത്. ഞായറാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഇന്ന് കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകള്‍ ഒഴികെ എല്ലായിടത്തും യെല്ലോ അലര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൊവ്വാഴ്ച വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം.