വിദ്യാര്‍ഥികള്‍ക്കുള്ള മുട്ടകളില്‍ 'സ്യൂഡോമോണസ്'; തോട് പൊളിച്ചപ്പോള്‍ പിങ്ക് നിറം, ജാഗ്രത വേണം 

മുട്ടകളില്‍ സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: മുട്ടകളില്‍ സ്യൂഡോമോണസ് സൂക്ഷ്മാണുവിന്റെ സാന്നിധ്യം കണ്ടെത്തി. കോഴിക്കോട്ടെ സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കാനെത്തിച്ച മുട്ടയിലാണ് മനുഷ്യരില്‍ രോഗകാരണമാകുന്ന സൂക്ഷ്മാണുവിനെ കണ്ടെത്തിയത്.

പന്തീരാങ്കാവ് പയ്യടിമീത്തല്‍ ഗവ. എല്‍പി സ്‌കൂളിലാണ് കഴിഞ്ഞദിവസം കുട്ടികള്‍ക്കു നല്‍കാനായി പുഴുങ്ങിയ മുട്ടകളില്‍ പിങ്ക് നിറം കണ്ടത്.  അധ്യാപകരുടെയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെയും ഇടപെടലില്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ സാധിച്ചു. മുട്ടയുടെ തോട് പൊളിച്ചപ്പോഴാണ് പിങ്ക് നിറം കണ്ടത്. മുട്ടയുടെ വെള്ള അല്‍പം കലങ്ങിയതായും കാണപ്പെട്ടു. ആശങ്ക തോന്നിയതിനാല്‍ അധ്യാപകര്‍ നൂണ്‍മീല്‍ ഓഫിസറെയും ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണറെയും വിവരമറിയിച്ചു.

പിങ്ക് നിറത്തിലുള്ള മുട്ടകള്‍ മാറ്റിവച്ച ശേഷം ബാക്കിയുള്ള മുട്ടകള്‍ വിദ്യാര്‍ഥികള്‍ക്കു നല്‍കാനാണ് പ്രാഥമികമായി ലഭിച്ച നിര്‍ദേശം. എന്നാല്‍, പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ കുന്നമംഗലം ഭക്ഷ്യസുരക്ഷാ ഓഫിസര്‍ ഡോ. രഞ്ജിത് പി.ഗോപി മുട്ടകളില്‍ സ്യൂഡോമോണസ് എന്ന സൂക്ഷ്മാണുവിന്റെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇത്തരം മുട്ടകള്‍ ഒരുമിച്ച് വേവിക്കുമ്പോള്‍ മുട്ടയുടെ വിണ്ടുകീറിയ തോട് വഴി മറ്റു മുട്ടകളിലേക്കും സൂക്ഷ്മാണുക്കളുടെ സാന്നിധ്യം പകരാന്‍ സാധ്യതയുണ്ട്. ഇവയുടെ സാംപിളുകള്‍ ലാബില്‍ പരിശോധനയ്ക്ക് അയച്ചു. 

ഫാമുകളില്‍നിന്നാണ് സ്യൂഡോമോണസ് പോലെയുള്ള സൂക്ഷാണുക്കളുടെ സാന്നിധ്യം മുട്ടകളിലെത്തുന്നത്. ഇത്തരം സൂക്ഷ്മാണുക്കള്‍ മൃഗങ്ങളില്‍ പലതരം അസുഖങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഈ മൃഗങ്ങളുടെ വിസര്‍ജ്യങ്ങള്‍ മണ്ണിലെത്തും. ഇത് മണ്ണിലൂടെ മുട്ടകളിലേക്കും പകരാം. മുട്ടയുടെ തോടില്‍ ധാരാളം സുഷിരങ്ങളുണ്ട്. കൂടാതെ മുട്ടത്തോടിലുണ്ടാകുന്ന നേരിയ വിള്ളലുകളും സൂക്ഷ്മാണുക്കള്‍ അകത്തേക്ക് പ്രവേശിക്കാനുള്ള സാഹചര്യമൊരുക്കുന്നുണ്ട്. മുട്ടയിലെ വെള്ളയും മഞ്ഞക്കരുവും ഇത്തരം സൂക്ഷ്മാണുക്കള്‍ വളരാനുള്ള ഏറ്റവും അനുയോജ്യമായ ഇടമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com