കേരളത്തിന്റെ ആവശ്യം അം​ഗീകരിച്ചു; മുല്ലപ്പെരിയാർ കേസ് പരി​ഗണിക്കുന്നത് മാറ്റി 

കേസ് ഈ മാസം 22 ലേക്കു മാറ്റി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡൽഹി: കേരളത്തിന്റെ ആവശ്യം പരിഗണിച്ച് മുല്ലപ്പെരിയാർ കേസിലെ ഹർജികൾ പരിഗണിക്കുന്നത് സുപ്രീം കോടതി മാറ്റി. തമിഴ്‌നാട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിന് മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്ന് കേരളം സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഇത് പരി​ഗണിച്ച് കേസ് സുപ്രീംകോടതി ഈ മാസം 22 ലേക്കു മാറ്റി. 

വിവരങ്ങൾ ലഭിച്ചത് ഇന്നലെ രാത്രി

ഇന്നലെ രാത്രി മാത്രമാണ് തമിഴ്‌നാട് സമർപ്പിച്ച സത്യവാങ്മൂലത്തിന്റെ വിവരങ്ങൾ തങ്ങൾക്ക് ലഭിച്ചതെന്നും മറുപടി നൽകാൻ കുറച്ച് കൂടി സമയം വേണമെന്നുമാണ് കേരളം കോടതിയെ അറിയിച്ചത്. വെള്ളിയാഴ്ചയാണ് മുല്ലപ്പെരിയാർ കേസിൽ കേരളത്തിന്റെ സത്യവാങ്മൂലത്തിനു മറുപടിയായി തമിഴ്നാട് സത്യവാങ്മൂലം നൽകിയത്. ആ സത്യവാങ്മൂലത്തിന്റെ പകർപ്പ് ശനിയാഴ്ച രാവിലെ മാത്രമാണു കേരളത്തിന്റെ അഭിഭാഷകനു ലഭിച്ചത്. അതുകൊണ്ടു തന്നെ എന്തു മറുപടി നൽകണമെന്ന കാര്യത്തിൽ നിർദേശങ്ങൾ ലഭിച്ചിട്ടില്ലെന്നും രണ്ടു ദിവസം കഴിഞ്ഞ് അടുത്ത തിങ്കളാഴ്ച കേസ് പരിഗണിക്കണമെന്നു കേരളത്തിന്റെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

കേസ് പരിഗണിക്കുന്നത് അടുത്തയാഴ്ചത്തേക്ക് മാറ്റണം എന്നാണ് കേരളം ആവശ്യപ്പെട്ടത്. ഇതിനെ തമിഴ്‌നാട് എതിർത്തില്ല. കേസ് പരിഗണിക്കുന്നതുവരെ ഒക്ടോബർ 28ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ജസ്റ്റിസ് എ.എം കാൻവിൽക്കറിന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് വ്യക്തമാക്കി.

ഇടക്കാല ഉത്തരവ് നിലനിൽക്കും

വിദഗ്ധ സമിതി അംഗീകരിച്ച റൂൾ കെർവ് പ്രകാരം അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിക്കണമെന്നാണ് കഴിഞ്ഞ തവണ ഇറക്കിയ ഇടക്കാല ഉത്തരവിൽ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നത്. ഇതുപ്രകാരം നവംബർ 20-ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 141 അടിയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com