ഒരേ വര്‍ഷം ജനനം, ഒരുമിച്ച്‌ ജോലിയും വിരമിക്കലും, ഒരേ ദിവസം മരണത്തിനും കീഴടങ്ങി അധ്യാപികമാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th November 2021 08:10 AM  |  

Last Updated: 13th November 2021 08:27 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം


കോട്ടയം: ജീവിതത്തിൽ അവർ ഒരുമിച്ചായിരുന്നു. ലോകത്തോട് വിടപറഞ്ഞതും ഒരുമിച്ച്. മണിക്കൂറുകളുടെ മാത്രം വ്യത്യാസത്തിലാണ് രണ്ട് അധ്യാപകർ മരിച്ചത്.  അയ്മനം പിജെഎം യുപി സ്കൂളിലെ അധ്യാപികമാരായിരുന്ന എലിസബത്ത് കുര്യൻ (ലീലാമ്മ 85), തങ്കമ്മ വർഗീസ് (84) എന്നിവരാണ് മരിച്ചത്.

ഒരേ വർഷമാണ് ഇവർ ജനിച്ചത്. ഒന്നിച്ച് ഒരേ സ്കൂളിൽ അധ്യാപികമാരായി. ഒരേ ദിവസം തന്നെയാണ് ഇവർ വിരമിച്ചത്. മരണത്തിന് കീഴടങ്ങിയതും ഒരേ ദിവസം തന്നെ. അടുത്തടുത്ത സ്ഥലങ്ങളിലായിരുന്നു ഇരുവരും താമസം. 1937ൽ ആണ് രണ്ട് പേരുടേയും ജനനം. 

വിവാഹത്തിനു ശേഷം ഒരേ സ്കൂളിൽ ജോലി കിട്ടി. സ്കൂളിൽ പോയി വരാനുള്ള സൗകര്യത്തിനായി കുടമാളൂരിൽ ഇരുവരും വീടു വച്ചു. 1992 മാർച്ച് 31നു വിരമിച്ചു. എലിസബത്ത് കുര്യൻ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മരിച്ചത്. 3 മണിക്കൂർ കഴിഞ്ഞപ്പോൾ തങ്കമ്മ വർഗീസും വിടപറഞ്ഞു.