ശക്തമായ മഴ തുടരുകയാണ്, ജാ​ഗ്രത വേണം: മുഖ്യമന്ത്രി 

തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണെന്നും എല്ലാവരും പരമാവധി ജാഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. തുടർച്ചയായ അസ്വാഭാവിക മഴ കാരണം മണ്ണിടിച്ചിലിനും മറ്റപകടങ്ങൾക്കുമുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. '

ഇടുക്കി ഡാം തുറക്കും

മഴ ശക്തമായ സാഹചര്യത്തിൽ ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെ ഇടുക്കി ഡാമിൻ്റെ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്. അധികൃതർ നൽകുന്ന ജാഗ്രതാ നിർദേശങ്ങൾ നദീ തീരങ്ങളിലുള്ളവർ കർശനമായി പാലിക്കണം. കേന്ദ്ര കാലാവസ്ഥ അലെർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും മലയോര മേഖലകളിൽ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴക്ക് സാധ്യത ഉള്ളതിനാലും മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്. 

മൂന്നിടത്ത് റെഡ് അലർട്ട്

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ ഏറ്റവും പുതിയ ജില്ലാതല മഴ സാധ്യത പ്രവചന പ്രകാരം ഇന്ന് എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ടും, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിരിക്കുന്നു. നാളെ എറണാകുളം,ഇടുക്കി,തൃശൂർ,കോഴിക്കോട്,കണ്ണൂർ ,കാസറഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലർട്ടും  കാലാവസ്ഥാവകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്.

അതീവ ജാഗ്രത വേണം

പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ അധികൃതരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണം. വരും മണിക്കൂറുകളിലും വ്യാപകമായ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്ക ദുരന്ത സാധ്യത മേഖലകളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്കോ അടുത്തുള്ള ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറിത്താമസിക്കേണ്ടതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com