

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയുടെ മകളുടെ വിവാഹച്ചടങ്ങില്‍ മന്ത്രിയും പങ്കെടുത്തു. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദുവാണ് കേസിലെ പ്രതി അമ്പിളി മഹേഷിന്റെ മകളുടെ വിവാഹത്തില്‍ പങ്കെടുത്തത്. ഇരിങ്ങാലക്കുട മുരിയാട് ഒക്ടോബർ 24 നായിരുന്നു വിവാഹ ചടങ്ങ്.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത മന്ത്രി പ്രതിയുടെ മകള്‍ക്കൊപ്പം ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് 12 മുൻ ഭരണ സമിതി അംഗങ്ങളിൽ രണ്ടുപേരാണ് ഇനി പിടികിട്ടാനുള്ളത്. ഇതിൽ ഒരാളാണ് അമ്പിളി മഹേഷ്. അമ്പിളി ഒളിവിലാണെന്നും ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്
അമ്പിളി മഹേഷ് ഉള്‍പ്പെടെ രണ്ട് ഭരണസമിതി അംഗങ്ങൾക്ക് പുറമേ, മുഖ്യപ്രതി കിരണും ഒളിവിലാണ്. തട്ടിപ്പില്‍ പങ്കുള്ള ബാങ്ക് സെക്രട്ടറിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. വിവാഹസത്കാരചടങ്ങിൽ പങ്കെടുത്ത മന്ത്രി വധൂവരൻമാർക്കൊപ്പം നിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നതോടെ, പ്രതികളെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളാണെന്ന ആരോപണവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തി.
തട്ടിപ്പ് പണത്തിലെ വലിയൊരു പങ്ക് ഇരിങ്ങാലക്കുടയിൽ ആർ ബിന്ദുവിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചതായും എതിർ പാർട്ടികൾ ആക്ഷേപം ഉയർത്തിയിരുന്നു. പാർട്ടി പ്രവർത്തകരായ വരന്റെ കുടുംബത്തിന്റെ ക്ഷണപ്രകാരമാണ് വിവാഹത്തിൽ പങ്കെടുത്തത് എന്നാണ് മന്ത്രിയോട് അടുത്ത വൃത്തങ്ങൾ നൽകുന്ന വിശദീകരണം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates