ശബരിമല നട ഇന്നു തുറക്കും; തീർഥാടകരുടെ എണ്ണം നിയന്ത്രിക്കും, പമ്പാ സ്നാനം അനുവദിക്കില്ല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th November 2021 06:48 AM  |  

Last Updated: 15th November 2021 06:48 AM  |   A+A-   |  

SABARIMALA

ഫയല്‍ ചിത്രം

 

പത്തനംതിട്ട:  മണ്ഡല ഉത്സവത്തിനായി ശബരിമല അയ്യപ്പക്ഷേത്ര നട ഇന്നു തുറക്കും. വൃശ്ചികം ഒന്നായ നാളെ മുതൽ തീർഥാടകർ ഇരുമുടിയേന്തി മല കയറും. 

ഇന്ന് വൈകിട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി കെ ജയരാജ് പോറ്റി നടതുറന്ന് ദീപം തെളിക്കും. തുടർന്ന് പുതിയ ശബരിമല-മാളികപ്പുറം മേൽശാന്തിമാരെ അവരോധിക്കുന്ന ചടങ്ങ് നടക്കും. നാളെ പുലർച്ചെ 5നു നട തുറക്കുമ്പോൾ മുതൽ ദർശനത്തിനായി തീർഥാടകരെ നിലയ്ക്കലിൽ നിന്നു കടത്തി വിടും. വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർക്ക് മാത്രമാണ് പ്രവേശനം.

10ന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിനെത്താം

രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചതിന്റെ സർട്ടിഫിക്കറ്റോ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റോ കരുതണം. തിരിച്ചറിയൽ രേഖയായി ആധാർകാർഡ്, വോട്ടർ ഐഡി, പാസ്‌പോർട്ട് എന്നിവയിൽ ഏതെങ്കിലുമൊന്ന് കൈയിലുണ്ടാകണം. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദർശനത്തിനെത്താം.  

പമ്പാ സ്നാനം അനുവദിക്കില്ല

ജില്ലയിലാകെ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അടുത്ത 3–4 ദിവസങ്ങളിൽ ശബരിമലയിൽ ആളുകളുടെ എണ്ണം നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗം തീരുമാനിച്ചു. ജലനിരപ്പ് അപകടകരമായതിനാൽ പമ്പാ സ്നാനം അനുവദിക്കില്ല. മറ്റു കുളിക്കടവുകളിലും ഇറങ്ങരുതെന്നു നിർദേശമുണ്ട്. നിലയ്ക്കലിൽ ഏർപ്പെടുത്തിയിരുന്ന സ്പോട്ട് ബുക്കിങ് നിർത്തും.

കെഎസ്ആർടിസി സർവീസ് ഇന്നുമുതൽ

പമ്പയിലേക്കുള്ള കെഎസ്ആർടിസി സർവീസുകൾ ഇന്ന് ആരംഭിക്കും. 231 കെഎസ്ആർടിസി ബസുകളാണ് സർവീസ് നടത്തുക.  ഓരോ പത്തുമിനിറ്റിലും നിലയ്ക്കൽ-പമ്പ ചെയിൻ സർവീസ് ഉണ്ടാകും. 120 ബസുകൾ ഇതിനുമാത്രമായി ഉണ്ടാകും.